ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സൗരദൗത്യത്തിന് പൂർണസജ്ജമായി ഇസ്രൊ. സൂര്യനെക്കുറിച്ചുള്ള പഠനത്തിനായി നിർമിച്ചിട്ടുള്ള ബഹിരാകാശ പേടകം ആദിത്യ-എൽ1 രാവിലെ 11.50ന് വിക്ഷേപിക്കും.
125 ദിവസങ്ങൾ കൊണ്ട് 1.5 മില്യൺ കിലോമീറ്റർ സഞ്ചരിച്ചാണ് ആദിത്യ ലക്ഷ്യസ്ഥാനത്തെത്തുക. സൂര്യനെയും അതു മൂലമുള്ള ബഹിരാകാശ കാലാവസ്ഥയുടെ വ്യതിയാനങ്ങളെയും പേടകം വഴി നിരീക്ഷിക്കാൻ കഴിയും.
ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, സൂര്യൻറെ ഏറ്റവും പുറമേയുള്ള ഭാഗമായ കൊറോണം എന്നിവയെ വൈദ്യുതി കാന്തിക, കണിക, കാന്തിക മണ്ഡലം ഡിറ്റക്റ്ററുകൾ വഴി നിരീക്ഷിക്കുന്നതിനായി 7 പേലോഡുകൾ പേടകത്തിലുണ്ടായിരിക്കും. ഇതിൽ 4 പേലോഡുകൾ നേരിട്ട് സൂര്യനെ നിരീക്ഷിച്ചു കൊണ്ടിരിക്കും.
കോറോണൽ ഹീറ്റിങ് മൂലമുള്ള പ്രശ്നങ്ങൾ, കൊറോണൽ മാസ് ഇജക്ഷൻ, പ്രി-ഫ്ലെയർ, ഫ്ലെയർ പ്രവർത്തനങ്ങളും അവയുടെ സവിശേഷതകളും, ബഹിരാകാശ കാലാവസ്ഥാ ഡൈനാമിക്സ് എന്നിവയെക്കുറിച്ചെല്ലാം നിർണായകമായ വിവരങ്ങൾ ശേഖരിക്കാൻ സൗരദൗത്യത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.