ന്യൂഡൽഹി: ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ നടത്തുന്ന അധിനിവേശവും നരനായാട്ടും അവസാനിപ്പിക്കണമെന്നും 1967ലെ അതിർത്തിയുടെ അടിസ്ഥാനത്തിൽ സ്വതന്ത്ര പലസ്‌തീൻ രാഷ്‌ട്രം രൂപീകരിക്കണമെന്നും ആഗോള കമ്യൂണിസ്റ്റ് – തൊഴിലാളി പാർട്ടികൾ ആവശ്യപ്പെട്ടു.
തുർക്കിയ നഗരമായ ഇസ്‌മിറിൽ ആരംഭിച്ച കമ്യൂണിസ്റ്റ്, തൊഴിലാളി പാർടികളുടെ 23ആമത് സമ്മേളനം ഇതാവശ്യപ്പെട്ടുള്ള പ്രമേയം ഏകകണ്‌ഠമായി പാസാക്കി. ആതിഥേയരായ തുർക്കിയ കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറി കെമാൽ ഒകുയാൻ ഉദ്ഘാടനംചെയ്‌തു.
ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി നേതാവ് കോം എമിലിയോ ലൊസാഡ ഗാർഷ്യയടക്കമുള്ളവർ സംസാരിച്ചു. പ്ലീനറി സെഷനിൽ സി.പി.ഐ.എമ്മിനെ പ്രതിനിധാനംചെയ്‌ത് പൊളിറ്റ്‌ബ്യൂറോ അംഗം എം.എ.ബേബിയും സി.പി.ഐയെ പ്രതിനിധാനം ചെയ്‌ത് കങ്കോ ഭാൽചന്ദ്രയും സംസാരിച്ചു. 68 പാർട്ടിയുടെ പ്രതിനിധികളാണ് നാലുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.