കൊച്ചി: കളമശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ സാമ്രാ കൺവെഷൻ സെൻററിലുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച വസ്തുകൾ പ്രതി ഡൊമനിക് മാർട്ടിൻ നിർമ്മിച്ചത് വീടിൻറെ ടെറസിൽ.
ഇൻറർനെറ്റ് നോക്കിയാണ് ബോംബ് നിർമ്മിക്കാൻ പഠിച്ചതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. മറ്റാരുടെയും സഹായം ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു. ഡൊമനികിൻറെ യുട്യൂബ് ലോഗിൻ പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇന്നലെയാണ് ഇയാൾ ആലവയ്ക്കടുത്തുള്ള തറവാട്ടു വീട്ടിലെത്തിയത്. ടെറസിൽ നിന്ന് ബോംബുണ്ടാക്കിയ ശേഷം കൺവെഷൻ സെൻററിലേക്കു പോവുകയായിരുന്നു.
രാവിലെ ഏഴു മണിയോടെ സെൻററിൽ എത്തുകയും ശേഷം കസേരയുടെ അടിയിൽ ബോംബ് വയ്ക്കുകയായിരുന്നെന്ന് പ്രതി കുറ്റസമ്മതം നടത്തി. ഈ സയമത്ത് ഹാളിൽ മൂന്നു പേർ മാത്രമാണ് ഉണ്ടായിരുന്നത്.
ടിഫിൻ ബോംബല്ലെന്നും ആറു പ്ലാസ്റ്റിക് കവറുകളിലായി ആറിടത്താണ് ബോംബ് വച്ചതെന്നും പൊലീസിന് മൊഴി നൽകി. പെട്രോൾ ഘടിപ്പിച്ച പ്ലാസ്റ്റിക് ബാഗിൽ റിമോട്ട് ഘടിപ്പിച്ചു.
ബാറ്ററിയോട് ചേർത്തുവെച്ച ഗുണ്ടാണ് തീപ്പൊരി ഉണ്ടാക്കി പൊട്ടിച്ചത്. എട്ടു ലിറ്റർ പെട്രോളാണ് പ്രതി ഇതിനായി ഉപയോഗിച്ചത്. സ്ഫോടത്തിനായി 50 ഗുണ്ടുകൾ പൊട്ടിച്ചെന്നും തൃപ്പുണിത്തുറയിലെ പടക്കക്കടയിൽ നിന്നാണ് വാങ്ങിയതെന്നും പ്രതി മൊഴി നൽകി.