Timely news thodupuzha

logo

പ്രീണന രാഷ്ട്രീയത്തിന്‍റെ ഫലം; ട്വീറ്റിനെ ന്യായീകരിക്കാനാവാതെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ

കൊച്ചി: കളമശേരിയിൽ ബോംബ് സ്ഫോടനം നടന്നതിനു പിന്നാലെ ‘പ്രീണന രാഷ്ട്രീയത്തിന്‍റെ ഫലമെന്നു’ ട്വീറ്റ് ചെയ്തതിനെ ന്യായീകരിക്കാനാവാതെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. മന്ത്രിയുടെ പരാമർശം വർഗീയ വിദ്വേഷം പരത്തുന്നതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം ഞായറാഴ്ച വൈകിട്ടു തന്നെ വന്നിരുന്നു. എന്നാൽ, ഇതിനോടോ, ഇതു സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടോ വ്യക്തമായി പ്രതികരിക്കാൻ രാജീവ് ചന്ദ്രശേഖറിനു സാധിച്ചില്ല.

തന്നെ വർഗീയവാദിയെന്നു വിളിക്കാൻ മുഖ്യമന്ത്രിക്കു ധാർമികമായി അവകാശമില്ലെന്നും മുഖ്യമന്ത്രി നുണയനാണെന്നും മറ്റുമുള്ള പരാമർശങ്ങൾ നടത്തി തടിയൂരാൻ, ഏഷ്യാനെറ്റ് ചെയർമാൻ കൂടിയായ രാജീവ് ചന്ദ്രശേഖർ ശ്രമിച്ചെങ്കിലും മാധ്യമ പ്രവർത്തകർ കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചതോടെ മന്ത്രി കുടുങ്ങി. ഇടയ്ക്ക് അവരോടു കയർത്തു സംസാരിക്കുകയും, ”നിങ്ങളാണോ എനിക്കു സർട്ടിഫിക്കറ്റ് തരുന്നത്” എന്നും മറ്റും ചോദിക്കുകയും ചെയ്തെങ്കിലും ചോദ്യങ്ങൾ ആവർത്തിക്കപ്പെടുക തന്നെ ചെയ്തു.

തന്‍റെ പോസ്റ്റ് ഹമാസിനെക്കുറിച്ചായിരുന്നു എന്നും, ഹമാസ് നേതാവ് കേരളത്തിലെ ഒരു പരിപാടിയിൽ വിർച്വലായി പങ്കെടുത്തതിനെയുമാണ് വിമർശിച്ചത് എന്നുമുള്ള മറുപടി തിരിച്ചും മറിച്ചും പറയുക മാത്രമാണ് മന്ത്രി ചെയ്തത്. കളമശേരി സ്ഫോടനം നടന്നതിനു പിന്നാലെ ഹമാസിനെ വിമർശിക്കുക വഴി മന്ത്രി എന്താണ് ഉദ്ദേശിച്ചതെന്നതു സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ ചർച്ച സജീവമായിരുന്നു.

അപകടകരമായൊരു സ്ഥിതിവിശേഷത്തിൽ നിൽക്കുമ്പോൾ ഇത്തരം പരാമർശം നടത്താൻ പാടില്ലെന്ന് ആഹ്വാനം ചെയ്യാൻ മാത്രമായി മുഖ്യമന്ത്രി ഞായറാഴ്ച വൈകിട്ട് മാധ്യമ സമ്മേളനം വിളിക്കുകയും കേന്ദ്ര മന്ത്രിയെ അതിരൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.

തുടർന്ന്, സ്ഫോടനം നടന്ന സ്ഥലവും, ആശുപത്രികളിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുന്നതിനുമാണ് കേന്ദ്രമന്ത്രി തിങ്കളാഴ്ച കൊച്ചിയിലെത്തിയത്. ഇതിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുന്നിൽ മന്ത്രിക്കു തപ്പിത്തടയേണ്ടിവന്നത്.

Leave a Comment

Your email address will not be published. Required fields are marked *