Timely news thodupuzha

logo

ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയം ബംഗാളില്‍ നിർമ്മിക്കുന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മായാപൂരിൽ നിർമ്മാണത്തിലിരിക്കുന്ന ‘ടെമ്പിള്‍ ഓഫ് വേദിക് പ്ലാനറ്റോറിയ’ ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയമായി മാറാൻ ഒരുങ്ങുകയാണ്. താജ്മഹലിനേക്കാളും വത്തിക്കാനിലെ സെന്‍റ് പോൾസ് കത്തീഡ്രലിനേക്കാളും വലുതായിരിക്കുമിത്.

കോവിഡ് മഹാമാരി കാരണം രണ്ട് വർഷത്തെ കാലതാമസത്തിന് ശേഷം 2024 ൽ ക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ, നാദിയ ജില്ലയിലെ ക്ഷേത്രം കംബോഡിയയിൽ 12-ാം നൂറ്റാണ്ടിൽ നിർമ്മിച്ച 400 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന അങ്കോർ വാട്ട് ക്ഷേത്ര സമുച്ചയത്തെ മറികടക്കും. നിലവിൽ അങ്കോർ വാട്ട് ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമാണ്.

കൃഷ്‌ണ ഭക്തരുടെ അന്താരാഷ്‌ട്ര സംഘടനയാണ്‌ (ഇസ്കോൺ) ഇവിടെ ആത്മീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ക്ഷേത്രത്തിന്‍റെ നിർമ്മാണവും ഇവരുടെ മേൽനോട്ടത്തിലാണ്. “പ്രധാന ജോലികൾ പൂർത്തിയായി, ഇപ്പോൾ ക്ഷേത്രത്തിന്റെ തറയുടെ ഫിനിഷിംഗ് ജോലികൾ പുരോഗമിക്കുകയാണ്. ഒരേ സമയം 10,000 പേർക്ക് ഒരുമിച്ച് ദർശനം നടത്താം. ക്ഷേത്രത്തിന്റെ തറ ഒരു ഫുട്ബോൾ മൈതാനത്തേക്കാൾ വലുതാണ്, “ഇസ്കോൺ കൊൽക്കത്ത വൈസ് പ്രസിഡന്റും വക്താവുമായ രാധാരാമൻ ദാസ് പറഞ്ഞു.

വ്യവസായിയായ ഹെന്‍റി ഫോർഡിന്‍റെ ചെറുമകനും ഫോർഡ് മോട്ടോഴ്സിന്‍റെ അനന്തരാവകാശിയുമായ ആൽഫ്രഡ് ഫോർഡാണ് പദ്ധതിയുടെ ചെയർമാൻ. ഫ്ലോറിഡയിൽ നിന്ന് മായാപൂരിലേക്കുള്ള ആൽഫ്രഡിന്‍റെ ആത്മീയ യാത്ര വളരെ രസകരമാണ്. നിലവിൽ ഇസ്കോണിന്‍റെ ചെയർമാനായ അദ്ദേഹം 1975 ൽ ഇസ്കോണിൽ അംഗമായി. ഇസ്കോൺ സ്ഥാപകൻ ശ്രീല പ്രഭുപദയുടെ അനുയായിയായിരുന്ന അദ്ദേഹം പിന്നീട് അംബരീഷ് ദാസ് എന്ന പേർ സ്വീകരിച്ചു. മായാപൂരിനെ ഇസ്കോണിന്‍റെ ആസ്ഥാനമാക്കുകയെന്ന പ്രഭുപദയുടെ ലക്ഷ്യത്തിനായി ആൽഫ്രഡ് ഫ്രോഡ് 30 മില്യൺ ഡോളർ സംഭാവന ചെയ്തു.