Timely news thodupuzha

logo

കണ്ണൂർ വി.സി പുനർനിയമനം റദ്ദാക്കി സുപ്രീം കോടതി

ഡൽഹി: കണ്ണൂർ വി.സിയായി ഡോ. ​ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കി. നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു.

വി സി നിയമനത്തിൽ ​ഗവർണർ ബാഹ്യശക്തികൾ ഇടപെട്ടുവെന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. സർക്കാരിനെതിരെ ഇക്കാര്യത്തിൽ ​ഗവർണർ നേരത്തെ വെളിപ്പെടുത്തൽ നടത്തിയിരുന്നു.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് ജെ.ബി പർദിവാലയാണ് വിധി പ്രസ്താവിച്ചത്. ഹർജിക്കാരുടെ അപ്പീൽ അനുവദിച്ചിരിക്കുന്നുവെന്ന് കോടതി പറഞ്ഞു. വിഷയത്തിൽ നാല് ചോദ്യങ്ങളാണ് പരി​ശോധിച്ചതെന്ന് കോടതി പറഞ്ഞു.

വിസിയുടെ പുനർ നിയമനം സാധ്യമാണോ എന്നതാണ് ഒന്നാമത്തേത്. അത് സാധ്യമാണെന്ന് കോടതി കണ്ടെത്തി. വി.സി പുനർനിയമനത്തിന് പ്രായപരിധി ബാധകമാകുമോ എന്നാണ് രണ്ടാമത് പരിശോധിച്ചത്.

60 വയസ് പ്രായപരിധി ഇല്ലെന്ന് ഇക്കാര്യത്തിൽ കോടതി തീരുമാനത്തിലെത്തി. 60 വയസ് കഴിഞ്ഞവരെയും നിയമിക്കാമെന്ന് കോടതി വ്യക്തമാക്കി. ​ഗവർണർ ചാൻ‌സലറെന്ന രീതിയിലാണ് ഈ നിയമനം നടത്തേണ്ടത്.

എന്നാൽ, തനിക്ക് മേൽ ഇക്കാര്യത്തിൽ വലിയ സമ്മർദ്ദമുണ്ടായെന്ന് ​ഗവർണർ തന്നെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിയുമൊക്കെ തനിക്ക് കത്തെഴുതി. ഇതിന്റെ അടിസ്ഥാനത്തിലാണ് താൻ പുനർനിയമനത്തിന് അനുമതി നൽകിയതെന്നും ​ഗവർ‌ണർ‌ പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിൽ ​ഗവർണർ എന്ന നിമന അതോറിറ്റി ബാഹ്യശക്തികൾക്ക് വഴങ്ങി എന്നാണ് മനസിലാക്കേണ്ടത്. അത്തരത്തിലൊരു നിയമനം ചട്ടവിരുദ്ധമാണ് എന്നാണ് വിലയിരുത്തൽ.

ഈ നിയമനരീതിയെ ചോദ്യം ചെയ്തുകൊണ്ടാണ് നടപടി റദ്ദാക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവരാണ് പുനർനിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.

കണ്ണൂർ വിസിയുടെ ആദ്യനിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും അതിനാൽ പുനർ നിയമനം നിലനിൽക്കില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. ചട്ടങ്ങൾ ലംഘിച്ചാണ് പുനർനിയമനം. ഉത്തരവിൽ ഒപ്പിടാൻ ഗവർണർക്ക് മേൽ സമ്മർദ്ദം ഉണ്ടായി.

60 വയസ്സ് പൂർത്തിയാകാൻ പാടില്ലെന്ന ചട്ടം മറികടന്നാണ് നിയമനം തുടങ്ങിയ വാദങ്ങൾ ആണ് ഹർജിക്കാർ ഉയർത്തിയത്. പുനർ നിയമനത്തിന് മാനദണ്ഡങ്ങൾ ബാധകമല്ലെന്നായിരുന്നു സർവകലാശാലയുടെയും സംസ്ഥാന സർക്കാരിന്റെയും വാദം.

Leave a Comment

Your email address will not be published. Required fields are marked *