തൊടുപുഴ: പെരുമ്പള്ളിച്ചിറ അൽ അസർ പോളീടെക്നിക് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് നടത്തിയ സപ്തദിന ക്യാമ്പ് സമാപിച്ചു. സാമൂഹ്യ സേവനമുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ കാഴ്ച വെച്ച ക്യാമ്പങ്ങൾ കുമാരമംഗലം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടാക്കിയത് ശ്രദ്ധേയമായി.
പഞ്ചായത്ത് സെക്രട്ടറി ഷേർളി ജോൺ സമാപന പ്രസംഗം നടത്തി. പ്രിൻസിപ്പൽ കെ.എ ഖാലിദ് അധ്യക്ഷത വഹിച്ചു. ക്യാമ്പിന് വേദി നൽകിയ സ്കൂളിനുള്ള ഉപഹാരം അധ്യാപിക രോഹിണി മനോജിന് നൽകി. മികച്ച ക്യാമ്പ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട അനന്ദു കലേഷ്, ഫാത്തിമ ശാരിക, സുൽഫിക്കർ, സുഫ്യാൻ, ശ്രീനാഥ്, ആൽബിൻ ജോസഫ്, ബെൻസൺ ഷാജി എന്നിവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
ക്യാമ്പിന്റെ ഭാഗമായി പെരുമ്പള്ളിച്ചിറ – കുമാരമംഗലം കനാൽ റോഡിൽ സ്നേഹാരാമം ഉദ്യാനം, സ്കൂൾ ക്യാമ്പസിൽ പച്ചക്കറിത്തോട്ടം, സ്കൂളിലും കുമാരമംഗലം ആരോഗ്യകേന്ദ്രത്തിലും പരിസര ശുചീകരണം, കറുക ജങ്ങ്ഷനിൽ മയക്കു മരുന്നിനെതിരെ ഫ്ലാഷ്മോബ് തുടങ്ങിയവ സംഘടിപ്പിച്ചു. വോളണ്ടിയർ സെക്രട്ടറി ഫാത്തിമ ശാരിക റിപ്പോർട്ട് അവതരിപ്പിച്ചു. ഏഴാം വാർഡ് മെമ്പർ ലൈല കരീം, പോളീടെക്നിക് അധ്യാപകരായ രാജ്മോഹൻ പിള്ള, ഗിരിധരൻ, സജീവൻ എന്നിവർ സംസാരിച്ചു.