ന്യൂഡൽഹി: പണപ്പെരുപ്പവും രൂപയുടെ മൂല്യത്തകർച്ചയും കണക്കിലെടുത്ത് റിസർവ് ബാങ്ക് റിപോ നിരക്ക് ഉയർത്താന്‍ തീരുമാനം. ഇതു നാലാം തവണയാണ് ഈ വര്‍ഷം നിരക്കു കൂട്ടുന്നത്. പണപ്പെരുപ്പ നിരക്കു പിടിച്ചു നിര്‍ത്താന്‍ ലക്ഷ്യമിട്ടാണിത്.
50 ബേസ് പോയിന്റ്സ്(.50%) നിരക്ക് ഉയർത്തിയതോടെ 5.9% ആണ് പുതിയ റിപോ നിരക്ക്. പുതിയ നിരക്കു പ്രാബല്യത്തില്‍ വന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഇതോടെ റിസർവ് ബാങ്ക് നൽകുന്ന വായ്പകൾക്ക് ഈടാക്കുന്ന പലിശയായ റിപോ നിരക്ക് ഉയരുന്നതോടെ ജനങ്ങൾക്ക് ബാങ്കുകൾ നൽകുന്ന വായ്പകളുടെ പലിശ നിരക്കും ഉയരും. ഭവന, വാഹന വായ്പകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കു പലിശ നിരക്കും കൂടും. റിസർവ് ബാങ്ക് സമിതിയിലെ 6 റ് വിദഗ്ധരിൽ 5 പേരുടെ പിന്തുണയോടെയാണ് തീരുമാനമെന്ന് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.
റിസര്‍വ് ബാങ്ക് നല്കുന്ന വായ്പയ്ക്ക് ബാങ്കുകളില്‍ നിന്ന് ഈടാക്കുന്ന പലിശയാണ് റിപ്പോ. കഴിഞ്ഞ മെയ് മുതല്‍ ഇതുവരെ റിപ്പോ നിരക്കില്‍ 1.9 ശതമാനത്തിന്റെ വര്‍ധനയാണ് ആര്‍ബിഐ വരുത്തിയത്. ലോകമാകെ കേന്ദ്ര ബാങ്കുകള്‍ നിരക്ക് ഉയര്‍ത്തുകയാണെന്ന് ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി. യുഎസ് ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായ മൂന്നാം തവണയും കഴിഞ്ഞ ദിവസം നിരക്കു വര്‍ധിപ്പിച്ചിരുന്നു. ഓഗസ്റ്റില്‍ ചില്ലറവില്‍പ്പനയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഏഴുശതമാനമാണ്. കോവിഡ് പ്രതിസന്ധി മൂലം 2020 മുതൽ ഏറെ നാൾ മാറ്റമില്ലാതിരുന്ന പലിശനിരക്കിൽ 2022 മെയ് മുതൽ 190 ബേസ് പോയിന്റ്(1.90%) വർധനയാണ് ഉണ്ടായിരിക്കുന്നത്. പണപ്പെരുപ്പനിരക്ക് ആറുശതമാനത്തില്‍ താഴെ എത്തിക്കുകയാണ് ആര്‍ബിഐയുടെ ലക്ഷ്യം.