ന്യൂഡൽഹി: സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രേദശ് മുന്‍മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. ഇറ്റാവയിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്ന് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലേക്കും, പിന്നീട് ദേശീയ രാഷ്ട്രീയത്തിലേക്കുമുള്ള മുലായം സിംഗ് യാദവിന്‍റെ യാത്ര വളരെ സംഭവ ബഹുലമായിരുന്നു.
പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന അദ്ദേഹം 3 തവണയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായത്. 1996 ജൂണ്‍ മുതല്‍ 1998 മാര്‍ച്ച് വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി കേന്ദ്രത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാം മനോഹര്‍ ലോഹ്യയുടെ പത്രാധിപത്യത്തിലുള്ള ‘ജാന്‍’ എന്ന പത്രമാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചത്.
കലാലയ പഠനകാലം മുതൽക്കെ രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ റാലികളിലും അദ്ദേഹം പങ്കെടുത്തിരുന്നു. വിദ്യാര്‍ത്ഥികളുടെ യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മകന്‍ ഒരു ഗുസ്തിക്കാരനാകണമെന്ന പിതാവ് സുധര്‍ സിംഗിന്റെ ആഗ്രഹം പോലെ മുലായം ഗുസ്തിമത്സരങ്ങളിലും താത്പര്യം പ്രകടിപ്പിച്ചിരുന്നു. മെയ്ന്‍പുരിയിലെ ഒരു ഗുസ്തിപ്പോരാട്ട വേദിയില്‍ വെച്ചാണ് പില്‍ക്കാലത്ത് മുലായത്തിന്റെ രാഷ്ട്രീയ ഗുരുവായ നത്തു സിംഗ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്.
പ്രാദേശിക സോഷ്യലിസ്റ്റ് നേതാവായിരുന്ന ഇദ്ദേഹമാണ് പിന്നീട് മുലായത്തെ സജീവരാഷ്ട്രീയത്തിലേക്ക് കൂട്ടിക്കൊണ്ട് വരുന്നത്. 1967ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച മുലായം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. അടിയന്തരാവസ്ഥക്കാലത്ത് മുലായം ജയില്‍ വാസം അനുഷ്ഠിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ ലോഹ്യയുടേതിനൊപ്പം മറ്റൊരു പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന ചരണ്‍ സിംഗിന്റെ ആശയങ്ങളും അദ്ദേഹത്തെ സ്വാധീനിച്ചു.ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ ഒരു ഗ്രാമത്തില്‍ സുധര്‍ സിംഗിന്റെയും മൂര്‍ത്തിദേവിയുടെയും മകനായി 1939 നവംബര്‍ 22നായിരുന്നു ജനനം. ഒരു കര്‍ഷക കുടുംബമായിരുന്നു മുലായത്തിന്‍റേത്.
സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാപക നേതാവും ഉത്തര്‍പ്രേദശ് മുന്‍മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് മരണപ്പെട്ടത്. ഏറെ നാളായി ഗുഡ് ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 82 വയസായിരുന്നു. ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവരെ ഒരു കാലത്ത് നിർണയിച്ചിരുന്ന രാഷ്ട്രീയ ചാണക്യനാണ് ചരിത്രത്തിലേക്ക് മായുന്നത്. ശ്വാസ തടസത്തിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായതോടെയാണ് മുലായത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്ന വാർത്തകൾക്കിടെയാണ് അദ്ദേഹത്തിന്‍റെ നിര്യാണം.