തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.ഇടുക്കിയിലും വയനാട്ടിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളിൽ തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിർദ്ദേശം.
ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തായുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. നാളെ (ചൊവ്വ) മലയോരമേഖലകളിൽ പൊടുന്നനെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ക്ടോബർ 9 മുതൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്.
അതേസമയം, വയനാട്ടിൽ കനത്തമഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കോളനിയിലും പേരൂർ കോളനിയിലും വെള്ളം കയറിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയിൽ രസിപ്പുഴ കരകവിഞ്ഞു.