Timely news thodupuzha

logo

അരുണ്‍ ഗോയലിന്‍റെ നിയമനം; കേന്ദ്രത്തോട് ചോദ്യങ്ങളുയർത്തി സുപ്രീം കോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണറായി റിട്ട ഐ.എ.എസ് ഓഫിസര്‍ അരുണ്‍ ഗോയലിനെ നിയമിച്ചതിലെ തിടുക്കം ചോദ്യം ചെയ്‌ത് സുപ്രീം കോടതി. നിയമനത്തിന് എന്തിന് അടിയന്തര പ്രാധാന്യം നല്‍കിയെന്ന ചോദ്യമുയര്‍ത്തിയ കോടതി, യോഗ്യതാടിസ്ഥാനത്തില്‍ പരിഗണിക്കപ്പെട്ട നാല് പേരില്‍ നിന്നും ഒരാളിലേക്ക് എങ്ങനെയെത്തിയെന്നും കേന്ദ്രത്തോട് ആരാഞ്ഞു.

ഹര്‍ജിയിലെ വാദത്തിനിടെയാണ് കോടതി അരുണ്‍ ഗോയലിന്‍റെ നിയമനത്തിനെതിരെ ചോദ്യമുയര്‍ത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനവുമായി ബന്ധപ്പെട്ട ഫയല്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഭരണഘടന ബെഞ്ച് ഇന്നലെ നിര്‍ദേശിച്ചിരുന്നു. അറ്റോര്‍ണി ജനറല്‍ കോടതിക്ക് കൈമാറിയ ഫയല്‍ പരിശോധിച്ച ശേഷമാണ് ഭരണഘടന ബെഞ്ച് ഫയല്‍ മിന്നല്‍ വേഗത്തലാണ് നീങ്ങിയത് എന്ന് അഭിപ്രായപ്പെട്ടത്. അപേക്ഷ നല്‍കിയ ദിവസംതന്നെ ക്ലിയറന്‍സും, നിയമനവും നല്‍കിയെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് അജയ് രസ്തോഗി അഭിപ്രായപ്പെട്ടു.

മെയ് 15 മുതല്‍ ഒഴിഞ്ഞു കിടക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയിലേക്കാണ് നവംബര്‍ 18-ന് നിയമനം നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. നവംബര്‍ പതിനെട്ടിനാണ് നിയമനവുമായി ബന്ധപ്പെട്ട ഫയല്‍ തയാറാക്കിയത്. പതിനെട്ടാം തീയതി സുപ്രീംകോടതി ഹര്‍ജി പരിഗണിച്ച അന്ന് തന്നെ പ്രധാനമന്ത്രി അരുണ്‍ ഗോയലിന്‍റെ പേര് നിര്‍ദേശിക്കുകയും നിയമനം നടത്തുകയും ചെയ്തു. എന്തുകൊണ്ടാണ് ഈ അടിയന്തര പ്രാധാന്യമെന്നും ജസ്റ്റിസ് കെ എം ജോസഫ് കേന്ദ്രത്തോട് ചോദിച്ചു. അരുണ്‍ ഗോയലിന്‍റെ യോഗ്യതകളെപ്പറ്റിയല്ല, നിയമന നടപടിയെയാണു ചോദ്യം ചെയ്യുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *