ഇടപ്പഴത്തില്‍ ഐപ്പ് ഉതുപ്പിന്റെ മൂന്നാമത്തെപുത്രനായി 1856-ല്‍ ജനിച്ച
ജേക്കബ് ഒരു വൈദീകന്‍ ആകണമെന്ന് ചെറിയ പ്രയത്തിലെ ആഗ്രഹിച്ചിരുന്നു.
തന്റെ ആഗ്രഹം അന്നത്തെ വാഴക്കുളം ആശ്രമ അധികാരിയായ കാനാട്ടു ചാക്കോച്ചന്റെ പക്കല്‍ അറിയിച്ചു. അദ്ദേഹം ജേക്കബിന്റെ സല്‍സ്വഭാവം, ആത്മാര്‍ത്ഥത, ബുദ്ധിസാമര്‍ദ്ധ്യം മുതലായ ഗുണങ്ങളെ പരീക്ഷിച്ചു. തുടര്‍ന്ന് 18-ാം വയസ്സില്‍ വാഴക്കുളം വൈദീക സെമിനാരിയില്‍ സ്വീകരിച്ചു. ആറ് വര്‍ഷം കാനാട്ട് അച്ചന് കീഴില്‍ പരിശീലനം സിദ്ധിച്ച് 24-ാം വയസ്സില്‍ ഇദ്ദേഹത്തിന് വൈദീക പട്ടം ലഭിച്ചു. തുടര്‍ന്ന് കാനാട്ട് അച്ചന്‍ തന്റെ സ്വന്തം ഇടവകയായ എറണാകുളം കോന്തുരുത്തി പള്ളിയുടെ ഒരു കുരിശുപള്ളി ചെങ്ങനാട് എന്ന സ്ഥലത്ത് പണികഴിപ്പിച്ചിരുന്നു. അവിടെ അസ്‌തേന്തിയായി നിയമിച്ചു. ഈ കുരിശുപള്ളിയാണ് പിന്നീട് തേവര കൊവേന്തയായി ഉയര്‍ത്തപ്പെട്ടത്. അതിന് സമീപമാണ് ഇപ്പോള്‍ തേവര കോളേജ്. ഇവിടെ മൂന്ന് വര്‍ഷം ഇടപ്പഴത്തില്‍ അച്ചന്‍ സേവനം ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ കാനാട്ട് അച്ചന്‍ വാഴക്കുളത്തേക്ക് വിളിച്ച് വാഴക്കുളം കപ്പേളയുടെ അസ്‌തേന്തിയായി നിയമിച്ചു. അന്ന് വരാപ്പുഴ മെത്രാപോലീത്ത കൊവേന്തയുടെ സമീപത്തുള്ള പള്ളികള്‍ ഭരണം നടത്തുന്നതിനുള്ള അധികാരം ആശ്രമ അധികാരിയായിരുന്ന കാനാട്ട് അച്ചന് നല്‍കിയതിനാലാണ് ഇങ്ങനെ ഇടപ്പഴത്തില്‍ അച്ചന് വാഴക്കുളത്ത് നിയമനം ലഭിക്കുവാന്‍ സാധിച്ചത്. 1885-ല്‍ കാനാട്ട് അച്ചന് പെട്ടെന്ന് രോഗം വര്‍ദ്ധിച്ചു മരണാസന്നനായി
ആ സയമം ഇടപ്പഴത്തില്‍ അച്ചനെ വിളിച്ച് ഇടവക സ്ഥാപിക്കുന്ന കാര്യങ്ങള്‍ പറഞ്ഞ് ഏല്‍പ്പിച്ചു. ഏറെ താമസിക്കാതെ അദ്ദേഹം മരിച്ചു.
ഇടപ്പഴത്തില്‍ അച്ചന് വാഴക്കുളത്ത് ഇടവക പള്ളി പണിയുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി. അദ്ദേഹത്തിനൊപ്പം പ്രദേശവാസികളായ വൈദീകരും ജനങ്ങളും നിലകൊണ്ടു. അന്നത്തേ തിരുവിതാംകൂര്‍ രാജാവിന്റേയും വരാപ്പുഴ മെത്രാസനത്തിന്റേയും മുന്‍കൂര്‍ അനുമതിയില്ലാതെ ആഗസ്റ്റ് 8-ാം തീയതി താല്‍ക്കാലിക ഷെഡ് നിര്‍മ്മാണം ആരംഭിച്ചു. ഇത് ജനങ്ങളുടെ നിര്‍ലോഭ പിന്തുണകൊണ്ട് 14-ാം തീയതി പണി പൂര്‍ത്തിയാക്കി.
1885 ഓഗസ്റ്റ് 15-ാം തീയതി ശനിയാഴ്ച ബഹു. ഇടപ്പഴത്തില്‍ യാക്കോബ് അച്ചന്‍
പുതിയ പള്ളി ഷെഡ് വെഞ്ചിരിച്ച് അതില്‍ കുര്‍ബ്ബാന ചൊല്ലി. തുടര്‍ന്ന് അദ്ദേഹം പുതിയ പള്ളിക്ക് കല്ലിട്ടു. അന്ന് വാഴക്കുളംകാരുടെ സന്തോഷത്തിന്റെ ദിവസമായിരുന്നു. കാരണം അവര്‍ക്ക് പുതിയ ഏടവകപള്ളിയായി. അതിനുമുന്‍പ് അവര്‍ ആശ്രയിച്ചിരുന്നത് മൈലകൊമ്പിനേയും ആരക്കുഴയേയും ആയിരുന്നു. ഇവിടേക്കുള്ള ദൂരം കൂദാശ്ശകള്‍ അര്‍പ്പിക്കുന്നതിനും സ്വീകരിക്കുന്നതിനും അവര്‍ക്ക് വലിയ പ്രയാസമായിരുന്നു.
തുടര്‍ന്ന് അദ്ദേഹം അവിടെനിന്നും സ്ഥലം മാറി 1886-ല്‍ നെയ്യശ്ശേരിക്കുപോയി. അവിടത്തെ സേവനത്തിനുശേഷം നാഗപ്പുഴ, മുതലക്കോടം, കിഴക്കമ്പലം, ഞാറയ്ക്കല്‍ എന്നിവിടങ്ങളില്‍ സേവനം ചെയ്തു. തുടര്‍ന്ന് ജോലി സഭാധികാരികളുടെ അനുമതിയോടെ അവസാനിപ്പിച്ച് സ്വന്തം ഇടവകയായ വാഴക്കുളം വന്ന് പള്ളിക്കുതാഴെയുള്ള മുറിയില്‍ താമസിച്ചു. ധീരനായ ഇടപ്പഴത്തില്‍ അച്ചന്‍ വളരെ വലിയ പ്രകൃതി സ്‌നേഹിയായിരുന്നു. അദ്ദേഹം പ്രകൃതിഭംഗി ആസ്വദിക്കാന്‍ പോയപ്പോള്‍ തൊമ്മന്‍കുത്തിനടുള്ള കുഴിമറ്റം, കൊടുവേലിക്കടത്തുള്ള വയല്‍പാടം എന്നീ പാടശേഖരങ്ങള്‍ കാണുകയും അത് കൃഷിക്ക് ഉപയുക്തമാണെന്ന് മനസ്സിലാക്കി പാടശേഖരങ്ങള്‍ പതിപ്പിക്കുകയും രണ്ട് ഏക്കര്‍വീതം നെയ്യശ്ശേരിപള്ളിക്കും വാഴക്കുളം പള്ളിക്കും കൊടുക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം അക്കാലത്ത് പ്രകൃതിയിലെ പൈശാശിക ശക്തികള്‍ ചെള്ള്, ചാഴി തുടങ്ങയവയെ വിലക്കുവാന്‍ ശക്തിയുള്ള ആളായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ പഴയനെയ്യശ്ശേരിപള്ളിക്കുള്ളിലെ കല്ലറയ്ക്കുമുമ്പില്‍ ഏപ്പോഴും മെഴുകുതിരികള്‍ കാണാന്‍ സാധിക്കുമായിരുന്നു എന്ന് പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.
അദ്ദേഹം സഭാദികാരികളുമായി നല്ലബന്ധം കാത്തുസൂക്ഷിച്ചിരുന്നു. എറണാകുളത്തെ പ്രഥമമെത്രാന്‍ മാര്‍ ലൂയീസ് പഴയപറമ്പില്‍ തിരുമേനി ഇടപ്പഴത്തില്‍ അച്ചന് രാജകുടുംബവുമായും ഭരണാധികാരികളുമായും നല്ലബന്ധം ഉണ്ട് എന്നറിയാവുന്നതുകൊണ്ട് സഭാപരമായ കാര്യങ്ങള്‍ക്ക് തിരുവനന്തപുരത്തിന് അയക്കുമായിരുന്നു എന്ന് രേഖകളില്‍ കാണുന്നു. കോട്ടയം വരെ നടന്നും അതിനുശേഷം വള്ളത്തിലും മായിട്ടായിരുന്നു അന്നത്തെ തിരുവിതാംകൂര്‍ യാത്ര. യാക്കോബ് കത്താനാരുടെ ഇത്തരത്തിലുള്ള ബന്ധവും കരം അടയ്ക്കുന്നതിന് കുടുംബത്തിനുള്ള കഴിവുമൊക്കെയായിരിക്കാം അദ്ദേഹത്തിന്റെ സഹോദര പുത്രന്‍ പാടത്തില്‍ ഉതുപ്പ് 1917 മുതല്‍ 1921 വരെ അദ്ദേഹത്തിന്റെ സഹോദരി പുത്രന്‍ പിട്ടാപ്പിള്ളി ഉതുപ്പ് വൈദ്യന്‍ എന്നിവര്‍ തിരുവിതാം പ്രജാസഭയില്‍ മെമ്പര്‍മാര്‍ ആകാന്‍ കാരണം.
സമൂഹത്തിനും സഭയ്ക്കും വളരെ അധികം ഉപകാരിയായിരുന്ന അദ്ദേഹം 1922 നവംബര്‍ 27-ന് കുഴിമറ്റം സന്ദര്‍ശിക്കുവാന്‍ പോയപ്പോള്‍ രോഗാതുരന്‍ ആകുകയും തുടര്‍ന്ന് നെയ്യശ്ശേരിയില്‍ ജേഷ്ഠന്റെ വീട്ടില്‍ എത്തി അവിടെ വച്ച് മരണത്തിന്റെ എല്ലാ മുന്നൊരുക്കങ്ങളും എല്ലാ കൂദാശകളും സ്വീകരിച്ച് 1922 നവംബര്‍ 28ന് മരണത്തിന് കീഴടങ്ങി. നവംബര്‍ 29-ാം തീയതി അക്കാലത്ത് നെയ്യശ്ശേരിയിലെ എറ്റവും വലിയ ജനാവലിയുടേയും അനവധി പുരോഹിതരുടേയും സാന്നിദ്ധ്യത്തില്‍ നെയ്യശ്ശേരി പള്ളിക്കുള്ളില്‍ അടക്കം ചെയ്യപ്പെട്ടു.
അഡ്വ. രാജീവ് തോമസ്
പാടത്തില്‍
9447440769