Timely news thodupuzha

logo

നിയമസഭയിൽ വിഴിഞ്ഞം; സമരത്തെ തുറമുഖവാതിലിൽ എത്തിച്ചത് സർക്കാരെന്ന് എം. വിൻസെന്‍റ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ സമരം നിയമസഭയിൽ ചർച്ച ചെയ്യുന്നു. ഒരു മണി മുതൽ രണ്ട് മണിക്കൂർ നീണ്ടു നിൽക്കുന്നതാണ് ചർച്ച.  എം. വിൻസന്‍റ് എംഎൽഎയാണ് നിയമസഭയിൽ വിഷയം അവതരിപ്പിച്ചത്. ചർച്ച ചെയ്യാനുള്ള തീരുമാനം സ്വഗതാർഹമെന്നും വിഴിഞ്ഞത്ത് പ്രശ്നപരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

വിഴിഞ്ഞത്തേത് ആരും കരഞ്ഞുപോകുന്ന സാഹചര്യമാണ്. ഈ സമരത്തെ തുറമുഖ വാതിലിൽ എത്തിച്ചത് സർക്കാരാണ്. ശത്രുതാ മനോഭാവത്തോടെ സമരക്കാരെ നേരിട്ടു. ഇപ്പോഴത്തെ സ്ഥിതിക്ക് ഉത്തരവാദി സർക്കാർ മാത്രമെന്നും അദ്ദേഹം ആരോപിച്ചു. സമരത്തെ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. ഉപരോധ സമരം തുടങ്ങിയശേഷമാണ് ചർച്ചകൾ തുടങ്ങിയത്. സമരക്കാരെ തീവ്രവാദികളെന്ന് വിളിച്ചത് എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.

‘ഞങ്ങൾ തുറമുഖത്തിന് എതിരല്ല. സമരക്കാരുമായി സർക്കാർ ചർച്ചയ്ക്ക് തയാറാകണം. തുറമുഖ ഉദ്ഘാടനം ബഹിഷ്കരിച്ചത് സിപിഎമ്മുകാരാണ്. ഉദ്ഘാടനത്തിന് വന്നവരെ സിപിഎമ്മുകാർ കല്ലെറിഞ്ഞു. നവംബർ 26നുണ്ടായ സംഘർഷം പൊലീസ് സംഘർഷങ്ങളില്‍ ജുഡീഷ്യൽ അന്വേഷണം വേണം’– അദ്ദേഹം ആവശ്യപ്പെട്ടു. 

എം.വിൻസെന്‍റ്, സജി ചെറിയാൻ, രമേശ് ചെന്നിത്തല, മുഹമ്മദ് മുഹ്സിൻ, പി.കെ.കുഞ്ഞാലിക്കുട്ടി, സെബാസ്റ്റ്യന്‍ കുളത്തുങ്കൽ, അനൂപ് ജേക്കബ്, തോമസ് കെ.തോമസ്, മോൻസ് ജോസഫ്, വി.ജോയി, വി.ഡി.സതീശൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. വിഴിഞ്ഞം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടിസിന് അനുമതി നൽകിയിരുന്നു. പ്രധാന വിഷയമായതിനാൽ അടിയന്തരപ്രമേയം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. വിഴിഞ്ഞം പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി വിളിച്ച മന്ത്രിതല സമിതിയിലും മധ്യസ്ഥ ചര്‍ച്ചകളിലും ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളോട് സമരസമിതിയും ലത്തീന്‍ അതിരൂപതയും ഇന്ന് നിലപാട് അറിയിക്കാനിരിക്കെയാണ് വിഷയം നിയമസഭ ചർച്ച ചെയ്യുന്നത്.

Leave a Comment

Your email address will not be published. Required fields are marked *