തിരുവനന്തപുരം: രാജ്ഭവനിൽ നടക്കുന്ന ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാനുള്ള ഗവർണറുടെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. ഡിസംബർ 14 ന് ഒരുക്കുന്ന ക്രിസ്തുമസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നെങ്കിലും എല്ലാവരും ക്ഷണം നിരസിക്കുകയായിരുന്നു.
നാളെ വൈകീട്ട് ദില്ലിക്ക് പോകുമെന്നും പങ്കെടുക്കാൻ കഴിയില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചത്. സംസ്ഥാന സർക്കാരും ഗവർണരും തമ്മിൽ വിവിധ വിഷയങ്ങളിലെ പോര് തുടരുന്നതിനിടെയാണ് പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും തീരുമാനിച്ചത്.
കഴിഞ്ഞ തവണ മതമേലധ്യക്ഷൻമാരെ പങ്കെടുപ്പിച്ചായിരുന്നു ഗവർണറുടെ ക്രിസ്മസ് ആഘോഷം. എന്നാൽ, ഇക്കുറി മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാർ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിന് ക്ഷണിക്കുകയായിരുന്നു. തിരുവനന്തപുരത്ത് ഈ വർഷം നടന്ന സർക്കാരിന്‍റെ ഓണാഘോഷ സമാപന പരിപാടിയിൽ ഗവർണറെ ക്ഷണിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് സർക്കാരിന്‍റെ ഔദ്യോഗിക പരിപാടികളിൽ നിന്നെല്ലാം ഗവർണർ വിട്ടുനിൽക്കുകയായിരുന്നു.