കോട്ടയം: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച ആർപ്പൂക്കര, തലയാഴം പഞ്ചായത്തുകളിലെ 7672 താറാവുകളെ ദയാവധം നടത്തി സംസ്‌കരിച്ചു. ആർപ്പൂക്കരയിൽ 4020 താറാവുകളെയും തലയാഴത്ത് മൂന്ന് കർഷകരുടേതായി 3652 താറാവുകളെയുമാണ് നശിപ്പിച്ചത്. എല്ലാ പക്ഷികളെയും ബാധിക്കുന്ന തരത്തിലുള്ള എച്ച്5എൻ1 ഇനമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ആർപ്പൂക്കരയിലെ താറാവ് ഫാമിലും തലയാഴത്തെ ബ്രോയ്ലർ കോഴി ഫാമിലും പക്ഷികൾ ചത്തൊടുങ്ങിയതിനെത്തുടർന്നാണ് സാമ്പിളുകൾ പരിശോധനയ്ക്കയച്ചത്. ആർപ്പൂക്കരയിൽ 865 താറാവുകൾ ഇന്നലെ വരെ ചത്തൊടുങ്ങിയിരുന്നു. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ പരിശോധനയിൽ ഡിസംബർ 13 നാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിൽ തലയാഴത്ത് മൂന്നും ആർപ്പൂക്കരയിൽ രണ്ടും സംഘങ്ങളായി അഞ്ച് ദ്രുതകർമ ടീമുകളാണ് രോഗബാധയുളള പ്രദേശത്തെ പ്രവർത്തനങ്ങൾ നടപ്പാക്കിയത്. മൃഗസംരക്ഷണവകുപ്പ്, തദ്ദേശഭരണ സ്ഥാപനങ്ങൾ, റവന്യൂ, പൊലീസ്, ആരോഗ്യവകുപ്പ് എന്നീ വകുപ്പുകൾ ഏകോപിപിച്ചുകൊണ്ടാണ് പക്ഷിപ്പനി നിവാരണപ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്‍റെ ദ്രുതകർമ സേനാംഗങ്ങളായ ഡോ. വി.ബി സുനിൽ, ഡോ. ബിനു ജോസ്ലിൻ, ഡോ. സജി തോമസ് തോപ്പിൽ, ഡോ. ശ്യാം, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്റ്റർമാരായ ബാബു, സാജൻ, രെഞ്ചു, കിരൺ, സജിത്ത് എന്നിവർ പങ്കെടുത്തു. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി സ്ഥലം സന്ദശിച്ചു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.