Timely news thodupuzha

logo

വിജ്ഞാപനം ഇറങ്ങിയത് ഇടമലയാർ പദ്ധതിക്ക് കൈമാറ്റം
നടത്തിയ ഭൂമിയുടേത്: മന്ത്രി റോഷി

തിരുവനന്തപുരം: ഇടമലയാര്‍ ജലസേചന പദ്ധതിക്കു വേണ്ടി വനം വകുപ്പ് വിട്ടു നല്‍കിയ ഭൂമിക്ക് പകരമായി അതേ വര്‍ഷം തന്നെ ഇറിഗേഷന്‍ വകുപ്പിന്റെ ഭൂമി കൈമാറിയിരുന്നതായി മന്ത്രി റോഷി അഗസ്റ്റിന്‍. ഈ ഭൂമിയില്‍ വനം വകുപ്പ് അക്കാലത്തു തന്നെ വനവല്‍ക്കരണം നടത്തിയിരുന്നതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തു മാത്രമാണ് ഇതിന്റെ വിജ്ഞാപനം ഇറങ്ങിയത്. അതല്ലാതെ പുതിയതായി ഒരു പ്രദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ ആശങ്ക പടര്‍ത്തുന്നതിനു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ഇടമലയാര്‍ ജലസേചന പദ്ധതിക്കായി കാൽ നൂറ്റാണ്ട് മുൻപ് 52.59 ഹെക്ടര്‍ വനഭൂമി ഇറിഗേഷന്‍ വകുപ്പിന് വനം വകുപ്പ് കൈമാറി. പകരമായി തൊടുപുഴ റേഞ്ചിലെ മുട്ടം കാഞ്ഞാര്‍ ഭാഗത്ത് മലങ്കര റിസര്‍വോയറില്‍ ഇറിഗേഷന്‍ സ്ഥലം വിട്ടു നല്‍കി. ഇങ്ങനെ നല്‍കിയ ഭൂമിയില്‍ വനം വകുപ്പ് ആക്കാലത്തു തന്നെ വനവല്‍ക്കരണം നടത്തുകയും ചെയ്തിരുന്നു. ഇടമലയാര്‍ പദ്ധതിക്കു വേണ്ടി വനം വകുപ്പുമായി ബന്ധപ്പെട്ടുള്ള ഇടപാടുകള്‍ ഇറിഗേഷന്‍ വകുപ്പ് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

ഇറിഗേഷന്‍ വകുപ്പ്  അക്കാലത്ത്  വനം വകുപ്പിന് വിട്ടുനല്‍കിയ ഭൂമിയുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇറങ്ങിയത് കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്താണ്. അന്നത്തെ  നടപടിയുടെ തുടര്‍ച്ചയായാണ് ഈ വിജ്ഞാപനം ഇറങ്ങിയത്. ഈ മാസം രണ്ടിന് ഫോറസ്റ്റ് സെറ്റില്‍മെന്റ് ഓഫീസറായ സബ് കലക്ടര്‍ ആദ്യത്തെ വിജ്ഞാപനത്തിന്റെ തുടര്‍ച്ചയെന്നോണം അതിര്‍ത്തികള്‍ വ്യക്തമാക്കുന്നതിന് രണ്ടാമതൊരു വിജ്ഞാപനം കൂടി പുറത്തിറക്കിയിട്ടുണ്ട്. ഈ വിജ്ഞാപനം സംബന്ധിച്ച് പരാതിയുള്ളവര്‍ അടുത്ത നാലു മാസത്തിനുള്ളില്‍ രേഖാമൂലം പരാതി നല്‍കണം.

എംവിഐപിയുടെ കൈവശമുള്ള ഒരിഞ്ച് ഭൂമി പോലും പുതിയതായി വനം വകുപ്പിന് കൈമാറില്ല. ഇക്കാര്യത്തില്‍ ഒരു ആശങ്കയും ജനങ്ങള്‍ക്കു വേണ്ട. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങളെ ആശങ്കപ്പെടുത്താന്‍ വേണ്ടി മാത്രമാണ്. മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ ഭൂമി വിട്ടു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള ആശയക്കുഴപ്പവുമില്ല. തെറ്റിദ്ധാരണ പടര്‍ത്താനും ജനങ്ങളില്‍ ആശങ്ക പടര്‍ത്താനുമുള്ള നീക്കം ആശാസ്യമല്ല.

Leave a Comment

Your email address will not be published. Required fields are marked *