ന്യൂഡൽഹി: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കോൺഗ്രസ് നൽകിയ പരാതിയിൽ ബി.ജെ.പി ഇന്നു വിശദീകരണം നൽകണം.
രാവിലെ 11നകം വിശദീകരണം നൽകാനാണ് പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡയോട് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്.
രാഹുൽ ഗാന്ധിക്കെതിരേ ബി.ജെ.പി നൽകിയ പരാതിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇന്നു വിശദീകരണം നൽകണം.
21നു രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന തെരഞ്ഞെടുപ്പു റാലിയിൽ മോദി വിദ്വേഷ പരാമർശം നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസും സി.പി.ഐയും സി.പി.ഐ.എം.എലും നൽകിയ പരാതിയിലാണു നഡ്ഡയ്ക്കു നോട്ടീസ്.
ജനപ്രാതിനിധ്യ നിയമത്തിന്‍റെ 77ആം വകുപ്പ് പ്രകാരമാണു നടപടി. താര പ്രചാരകരുടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്‍റെ ഉത്തരവാദിത്വം പാര്‍ട്ടി അധ്യക്ഷന്‍മാരും ഏറ്റെടുക്കേണ്ടി വരുമെന്ന് കമ്മിഷന്‍ പറഞ്ഞിരുന്നു.