Timely news thodupuzha

logo

ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കരണം അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് ഒന്നു മുതൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം അനിശ്ചിതത്വത്തിൽ. മുന്നൊരുക്കങ്ങൾ മന്ദഗതിയിലായതോടെ ടെസ്റ്റ് നടത്തുന്നതിനുള്ള ട്രാക്കുകൾ പോലും പൂർണമായും സജ്ജമാക്കാൻ മോട്ടോർ വാഹനവകുപ്പിന് കഴിഞ്ഞിട്ടില്ല.

ടെസ്റ്റ് നടത്തുന്ന 86 ഗ്രൗണ്ടുകൾ പുതിയ പരിഷ്‌കരണത്തിന് അനുസരിച്ച് നവീകരിക്കാൻ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ നിർദേശം നൽകിയിരുന്നു. എന്നാൽ, തുടർനടപടികൾ എങ്ങുമെത്താത്ത നിലയിലാണിപ്പോൾ.

സംസ്ഥാനത്ത് ആകെ ഒൻപതിടത്ത് മാത്രമാണ് മോട്ടോർ വാഹനവകുപ്പിന് സ്വന്തമായി ഭൂമിയുള്ളത്. മറ്റിടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെയും ഡ്രൈവിങ്ങ് സ്‌കൂളുകളുടെയും സ്വകാര്യ വ്യക്തികളുടെയുമൊക്കെ ഭൂമിയിലാണ് ഡ്രൈവിങ്ങ് ടെസ്റ്റ് നടന്നുവരുന്നത്.

ഇവിടെ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്താനാകുമോ, നവീകരണത്തിൻറെ തുക തുക ആരു വഹിക്കും എന്നതിലൊന്നും വ്യക്തത വന്നിട്ടില്ല.

മാവേലിക്കരയിൽ ഒഴികെ മറ്റൊരു സ്ഥലത്തും പുതിയ ട്രാക്കുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഡ്രൈവിങ് സ്‌കൂളുകൾ ചേർന്നാണ് മാവേലിക്കരയിൽ ട്രാക്ക് ഒരുക്കിയത്. വകുപ്പിൻറെ കൈവശമുള്ള എട്ട് ഓട്ടോമേറ്റഡ് ടെസ്റ്റിങ് ട്രാക്കുകൾ പോലും പൂർണസജ്ജമല്ല. മന്ത്രിയുടെ നിർദേശപ്രകാരം 77 ഓഫിസുകളിൽ ടെസ്റ്റിനു സ്ഥലമൊരുക്കാൻ ഉദ്യോഗസ്ഥർ പദ്ധതി തയാറാക്കിയിരുന്നു. എന്നാൽ, ഒന്നരമാസം കാത്തിരുന്നിട്ടും തുക അനുവദിച്ചില്ല. ഇതിനിടെയാണ് മേയ് മുതൽ റിവേഴ്‌സ് പാർക്കിങ്ങും, ഗ്രേഡിയൻറ് പരീക്ഷണവും ഉൾപ്പെടെ ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കാൻ നിർദേശം നൽകി ഉത്തരവിറങ്ങിയത്.

നിർദേശം നൽകുന്നതല്ലാതെ പ്രായോഗിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ഗതാഗത മന്ത്രി താത്പര്യം കാണിക്കുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ പറയുന്നു.

മുന്നൊരുക്കങ്ങൾ നടത്താതെ ടെസ്റ്റ് പരിഷ്‌കരണം മേയ് ഒന്നു മുതൽ വേണമെന്ന് കർശന നിർദേശം നൽകുന്നതിലെ അപ്രായോഗികത മോട്ടോർ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മന്ത്രി പിടിവാശി തുടരുകയാണ്.

മെയ് ഒന്നു മുതൽ പ്രതിദിനം 30 ലൈസൻസ് മാത്രം നൽകിയാൽ മതിയെന്ന നിർദേശവും മന്ത്രി നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ പരിഷ്‌കരണ നടപടികൾ ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുന്നത് മാത്രമായി ചുരുങ്ങാനാണ് സാധ്യത.

ദിവസം 20 പുതിയ അപേക്ഷകരെയും പത്ത് പരാജയപ്പെട്ടവരെയും മാത്രമാകും ഡ്രൈവിങ് ടെസ്റ്റിന് പങ്കെടുപ്പിക്കുക. എണ്ണം കുറയ്ക്കുന്നതോടെ ഡ്രൈവിങ്ങ് ലൈസൻസിനുള്ള ജനത്തിൻറെ കാത്തിരിപ്പ് കൂടുതൽ നീളുകയും ചെയ്യും.

അതിനിടെ പ്രതിദിനം നൂറിലധികം ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്റ്റർമാർക്കുള്ള ടെസ്റ്റ് ഇന്ന് മുട്ടത്തറയിലെ ഡ്രൈവിങ്ങ് ടെസ്റ്റിങ്ങ് കേന്ദ്രത്തിൽ നടക്കും.

ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദേശങ്ങൾ പാലിച്ചു കൊണ്ട് നിശ്ചിത സമയത്തിനുള്ളിൽ 100 ഡ്രൈവിങ് ടെസ്റ്റ് നടത്താൻ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്.

15 ഉദ്യോഗസ്ഥരെയാണ് പരീക്ഷണത്തിന് വിധേയരാക്കുന്നത്. ഇവർ ടെസ്റ്റ് നടത്തുന്നത് മേലുദ്യോഗസ്ഥർ നിരീക്ഷിക്കും. ഇവർ എങ്ങനെയാണ് ഇത്രയധികം ലൈസൻസ് ഒരു ദിവസം നൽകുന്നതെന്നറിയാനാണ് ഇവർക്കായി പ്രത്യേകമായി ടെസ്റ്റ് നടത്തുന്നത്.

പ്രതിദിനം നൂറിലധികം ടെസ്റ്റ് നടത്തുന്നതിനു പിന്നിൽ ഡ്രൈവിങ് സ്‌കൂളുകളുമായുള്ള ഒത്തുകളിയുണ്ടെന്നാണ് മന്ത്രിയുടെ നിരീക്ഷണം.

പുതിയ തീരുമാനത്തിനെതിരേ ഡ്രൈവിങ്ങ് സ്‌കൂളുകൾ ഹൈക്കോടതിയെ സമീപിക്കുക കൂടി ചെയ്തതോടെ സംസ്ഥാനത്തെ ഡ്രൈവിങ്ങ് ടെസ്റ്റ് നടപടികൾ കൂടുതൽ കുരുക്കുകളിലേക്ക് നീങ്ങുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *