ചെന്നൈ: ആവഡിക്കു സമീപം മുത്താപുതുപ്പേട്ടിൽ മലയാളി ദമ്പതിമാരെ വീട്ടിൽ കയറി കഴുത്തറത്ത് കൊന്ന കേസിൽ പ്രതി പിടിയിൽ.
ആയുര്‍വേദ ഡോക്ടറും വിമുക്തഭടനുമായ പാലാ പിഴക് പഴയകുളത്ത് ശിവൻ നായര്‍(71), ഭാര്യ റിട്ട. അധ്യാപിക എരുമേലി പുഷ്പവിലാസം പ്രസന്നകുമാരി(62) എന്നിവർ കൊല്ലപ്പെട്ട കേസിൽ രാജസ്ഥാന്‍ സ്വദേശി മഹേഷ് താരാ റാമെന്ന(22) യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു.
പ്രതി പടിയിലായി എങ്കിലും കേസിൽ ദുരൂഹത തുടരുകയാണ്. നേരത്തെ മോഷണ ശ്രമത്തിനിടയിൽ കൊലപ്പെടുത്തിയെന്ന നിലയ്ക്കാണ് വാർത്ത പ്രചരിച്ചത്.
100 പവൻ ആഭരണം നഷ്ടമായതായും വാർത്തയുണ്ടായി. എന്നാൽ വീട്ടിൽ മോഷണം നടന്നിട്ടില്ല എന്നാണ് ഇപ്പോൾ പൊലീസ് കണ്ടെത്തിയിട്ടുള്ളത്. കൊലപാതകത്തിന് പ്രേരണയായി തീർന്നത് എന്താണെന്നത് ദുരൂഹമായി തുടരുകയാണ്.
ശിവന്‍ നായർ വീടിനോടു ചേര്‍ന്ന് ആയുര്‍വേദ ക്ലിനിക്ക് നടത്തുക ആയിരുന്നു. ഞായറാഴ്ച വൈകീട്ട് ഏഴോടെ ഇവിടെയെത്തിയ അയല്‍വാസി സ്ത്രീയാണ് വീടിന്റെ വരാന്തയില്‍ ശിവന്‍നായരെ കഴുത്തറുത്ത നിലയിൽ കണ്ടത്.
പ്രസന്നകുമാരിയെ വീടിനുള്ളിൽ മരിച്ച നിലയിലും കണ്ടെത്തി. പ്രതി ഒറ്റയ്ക്കാണോ കൃത്യം നടത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ഡോ. ശിവന്‍ നായരുടെയും പ്രസന്നകുമാരിയുടെയും മകന്‍ ഡോ. ഹരി ഓംശ്രീ ഞായറാഴ്ച വൈകീട്ട് 5.30ഓടെയാണ് വീട്ടില്‍ നിന്ന് പോയത്.
ഇതിനു ശേഷമാണ് കൊല നടന്നതെന്ന് കണ്ടെത്തിയ പൊലീസ് മൊബൈൽ ഫോണും സി.സി.റ്റി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിയത്.
വീട്ടില്‍ നിന്ന് ലഭിച്ച മൊബൈൽ ഫോൺ വല്‍സരവാക്കത്തുള്ള കടയിൽ ജോലി ചെയ്തിരുന്ന മഹേഷിന്റെയാണെന്ന് കണ്ടെത്തി. മകൻ ഹരി വീട്ടില്‍ നിന്ന് പോകും മുന്‍പ് പ്രതി മഹേഷ് വീട്ടുപരിസരത്തെത്തി തിരിച്ചു പോയതായും സമീപത്തെ സി.സി.ടി.വി ക്യാമറാ ദൃശ്യത്തിൽ കണ്ടെത്തി.
ഹരി പോയ ശേഷം വീണ്ടും ഇവിടെയെത്തി കൊല നടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. പ്രസന്നകുമാരിയാണ് ആദ്യം കൊല്ലപ്പെട്ടത്.
മഹേഷ് ആവശ്യപ്പെട്ട മരുന്ന് പ്രസന്നകുമാരി എടുക്കുന്നതിനിടെ വീട്ടിൽ കയറി പിന്നില്‍ നിന്ന് കുത്തുകയും പിന്നീട് കഴുത്തറക്കുകയുമായിരുന്നു.
നേത്ര ശസ്ത്രക്രിയയ്ക്ക് വിധേയനായ ശിവന്‍നായർ വീട്ടിൽ വിശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ടു പുറത്തേക്കു വന്നപ്പോള്‍ ഇദ്ദേഹത്തെയും കൊലപ്പെടുത്തിയ ശേഷം മഹേഷ് ഓടിപ്പോയി എന്നാണ് പൊലീസ് പറയുന്നത്. ശിവന്‍ നായരുടെ വീടിന് സമീപമുള്ള കടയില്‍ രണ്ടു വര്‍ഷം മുന്‍പ് മഹേഷ് ജോലി ചെയ്തിരുന്നു.
പ്രതി അശ്ലീല വിഡിയോകള്‍ക്ക് അടിമയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. സമീപത്തെ കടയില്‍ ജോലി ചെയ്യുമ്പോള്‍, സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റം സംബന്ധിച്ചു പരാതി ഉയര്‍ന്നിരുന്നു. ചികിത്സ തേടി ക്ലിനിക്കിലെത്തിയിരുന്ന ഇയാളെ അകറ്റി നിര്‍ത്താന്‍ പ്രസന്നകുമാരി ശ്രമിച്ചിരുന്നു.
തുടര്‍ന്നു കടയിലെ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി. ഇതിന്റെ പക മൂലമാകാം ആയുധവുമായി വീണ്ടും ക്ലിനിക്കിൽ എത്തിയതെന്നാണ് പൊലീസ് നിഗമനം.
ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം നടന്നതെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു ചെന്നൈയിലെ മലയാളി കൂട്ടായ്മകളില്‍ വിവരം എത്തിയത്. മലയാളികള്‍ ഒട്ടേറെ പേര്‍ താമസിക്കുന്ന സ്ഥലമാണ് ആവഡി. മലയാളി സംഘടനാ പ്രവര്‍ത്തനവും ഇവിടെ സജീവമാണ്.