ബാംഗ്ലൂർ: ലൈംഗികാതിക്രമ പരാതിയിൽ മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയെ ജെ.ഡി.എസിൽ നിന്ന് സസ്പെൻഡ് ചെയ്‌തു.
ഹുബ്ബള്ളിയിൽ ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. പ്രജ്വലിനും പിതാവും ജെ.ഡി.എസ് എം.എൽ.എയുമായ എച്ച്.ഡി രേവണ്ണയ്ക്കുമെതിരായ പീഡനക്കേസ് പുറത്തുവന്നതോടെ പാർട്ടിയിൽ പ്രതിഷേധം ശക്തമായിരുന്നു.
ഇരുവരെയും പുറത്താക്കണമെന്ന് എം.എൽ.എമാർ പരസ്യമായി ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. തുടർന്നാണ് യോഗത്തിൽ നടപടിയെടുത്തത്.
പ്രജ്വൽ രേവണ്ണ ഉൾപ്പെട്ടിട്ടുള്ള അശ്ലീല വീഡിയോകൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ഇരകളായ സ്ത്രീകളെ ബ്ലാക്ക്‌മെയിൽ ചെയ്യാനാണ് അശ്ലീല വീഡിയോകൾ അടങ്ങിയ പെൻഡ്രൈവ് പ്രജ്വൽ സൂക്ഷിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.
ഇത്തരത്തിലുള്ള മൂവായിരത്തോളം വീഡിയോകളാണ് പ്രജ്വൽ പകർത്തിയിരുന്നത്. ഹാസനിൽ ബി.ജെ.പിക്കൊപ്പം സഖ്യം ചേർന്ന് എൻ.ഡി.എ സ്ഥാനാർഥിയായാണ് 33 കാരനായ പ്രജ്വൽ രേവണ്ണ മത്സരിക്കുന്നത്.
തെരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ 26ന് രണ്ടു ദിവസം മുമ്പേ ഹാസനിൽ ലൈംഗിക വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോകൾ പ്രചരിച്ചതിനു പിന്നാലെ, പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ ഒരു സ്ത്രീ പൊലീസിൽ പരാതി നൽകിയിരുന്നു. 2019 മുതൽ 2022 വരെ പലതവണ പ്രജ്വൽ രേവണ്ണ ലൈംഗികമായി ഉപദ്രവിച്ചിരുന്നു എന്നാണ് പരാതി.