Timely news thodupuzha

logo

ഡൽഹിയിൽ വേനൽക്കാല ചൂടിൽ വെന്ത് മരിച്ചത് 20 പേർ

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ മൂന്ന് പ്രധാന ആശുപത്രികളിൽ മാത്രം ഈ വേനൽക്കാലത്ത് ഉഷ്ഷതരംഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തത് 20 പേരുടെ മരണം.

സൂര്യാഘാതവും സൂര്യാതപവും അടക്കം അത്യുഷ്ണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന് ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്‍റ് അഥോറിറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉഷ്ണതരംഗവും അത്യുഷ്ണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. കേന്ദ്ര സർക്കാരിനു കീഴിലുള്ള ആശുപത്രികൾ ഇത്തരം കേസുകൾക്ക് മുൻഗണന നൽകാൻ കേന്ദ്ര ആരോഗ്യ വകുപ്പ് നിർദേശവും നൽകി. വകുപ്പ് മന്ത്രി ജെ.പി. നദ്ദ സ്ഥിതിഗതികൾ വിലയിരുത്തി.

റാം മനോഹർ ലോഹ്യ ആശുപത്രിയിൽ മാത്രം മേയ് 27ന് ശേഷം 45 പേരെയാണ് അത്യുഷ്ണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ കാരണം അഡ്മിറ്റ് ചെയ്തത്. ഇതിൽ ഒമ്പതു പേർ മരിച്ചു.

ഇതിൽ തന്നെ ഏഴു പേരും മരിച്ചത് കഴിഞ്ഞ രണ്ടു ദിവസത്തിനിടെയാണ്. സഫ്ദർജങ് ആശുപത്രിയിൽ ബുധനാഴ്ച അഞ്ച് പേർ മരിച്ചത് ഉൾപ്പെടെ ഒമ്പത് പേർക്ക് ഈ വേനൽക്കാലത്ത് അത്യുഷ്ണവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ കാരണം ജീവൻ നഷ്ടമായി. ലോക് നായക് ആശുപത്രിയിൽ ഏഴു ദിവസത്തിനിടെ രണ്ടു പേർ മരിച്ചു.

രാജ്യ തലസ്ഥാനത്തെ മുഴുവൻ ആശുപത്രികളിൽനിന്നുമുള്ള കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ല. സൂര്യാഘാതം പോലുള്ള ലക്ഷണങ്ങളുമായി നിരവധി പേരേ വിവിധ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.

സൂര്യാഘാതമേൽക്കുന്നവരിൽ മരണ നിരക്ക് 60 – 70 ശതമാനമാണെന്ന് റാം മനോഹർ ലോഹ്യ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. അജയ് ശുക്ല ചൂണ്ടിക്കാട്ടുന്നു. ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായാണ് മരണം സംഭവിക്കുന്നത്.

സൂര്യഘാതമേൽക്കുന്നവരിൽ ഏറെയും ഇതര സംസ്ഥാന തൊഴിലാളികളാണ്. മതിയായ അവബോധമില്ലാത്തതാണ് ഇതിന് കാരണമെന്നും ഡോ. ശുക്ല അറിയിച്ചു.

സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങൾ തിരിച്ചറിയാതെ ചികിത്സ തേടാൻ വൈകുകയാണ് പലരും. ഇവർ കുഴഞ്ഞ് വീഴുന്ന ഘട്ടത്തിൽ മാത്രമാണ് പലപ്പോഴും ബന്ധുക്കൾ ആശുപത്രിയിലെത്തിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *