കോവളം: കണ്ടെയ്നർ കപ്പലിനെ സ്വീകരിക്കാൻ എത്തിച്ച ടഗ്ഗിന്റെ ശേഷി പരിശോധന അവസാന നിമിഷം മാറ്റി. തിരമാല ശക്തമായതിനെ തുടർന്നാണ് നടപടി.
വിഴിഞ്ഞത്ത് വ്യാഴാഴ്ച രാവിലെ നടത്താനിരുന്ന ബൊള്ളാർഡ് പുൾ ടെസ്റ്റാണ് ഒരുക്കം പൂർത്തിയായ ശേഷം മാറ്റിയത്. കാലാവസ്ഥ അനുകൂലമായാൽ അടുത്ത ആഴ്ച നടത്തുമെന്ന് അധികൃതർ പറഞ്ഞു.
വിഴിഞ്ഞം ഹാർബർ റോഡിലെ ബൊള്ളാർഡ് പുൾ ടെസ്റ്റ് കേന്ദ്രത്തിൽ രാവിലെ വാട്ടർ ലൈൻ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഏജൻസി അധികൃതർ, മാരിടൈം ബോർഡ്, കൊച്ചിൻ ഷിപ്‌യാർഡ്, അദാനി പോർട്സ് തുടങ്ങിയ കേന്ദ്രങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർ എത്തിയിരുന്നു.
ബൊള്ളാർഡ് കേന്ദ്രത്തിലെ തൂണിൽ ശേഷി പരിശോധിക്കേണ്ട ടഗ്ഗ് ഓഷ്യൻ പ്രസ്റ്റീജുമായി പോളിപ്രൊപ്പലൈൻ വടം ഉപയോഗിച്ച് ബന്ധിപ്പിക്കാൻ ശ്രമിച്ചെങ്കിലും തിരയിൽപ്പെട്ട് ടഗ്ഗിന് ഉലച്ചിലുണ്ടായി. ഇതോടെയാണ് പരിശോധന മാറ്റിയത്.