Timely news thodupuzha

logo

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി തോന്ന്യവാസം കാണിക്കുകയാണെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: കരുവന്നൂർ കേസിൽ സി.പി.എമ്മിനെ പ്രതി ചേർത്തത് പാർട്ടിക്ക് പങ്കുണ്ടെന്ന് വരുത്തി തീർക്കാനുള്ള ഇ.ഡിയുടെ ശ്രമഫലമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

ഇ.ഡി തോന്ന്യവാസം കാണിക്കുകയാണെന്നും അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്കൽ കമ്മറ്റിയോ ബ്രാഞ്ച് കമ്മറ്റിയോ സ്ഥലം വാങ്ങിയാൽ അത് ജില്ല കമ്മറ്റിയുടെ പേരിലാണ് രജിസ്റ്റർ ചെയ്യുക.

ഇത് പുതിയ സംഭവമല്ല. അതിൻറെ പേരിൽ പ്രതി ചേർക്കാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇ.ഡി ഇതുവരെ പാർട്ടിയെ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏതോ ഒരു ലോക്കൽ കമ്മറ്റി ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട് അവിടെയുണ്ടായിരുന്ന അക്കൗണ്ട് മരവിപ്പിക്കുന്നത് തികച്ചും തെറ്റായ നടപടിയാണ്.

വേറെ ഒന്നും പറയാനില്ലെന്ന് വരുമ്പോൾ സി.പി.എമ്മിനെ പഴിചാരി രക്ഷപ്പെടാനുള്ള ബോധപൂർവമായ ശ്രമമാണ് ഇ.ഡി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എമ്മിൻറേത് ഉൾപ്പെടെ 29 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. തൃശൂർ ജില്ലാ സെക്രട്ടറിയുടെ ഉടമസ്ഥയിലുളള സ്ഥലവും 60 ലക്ഷം രൂപയും ഇതിൽപ്പെടുന്നു.

ബാങ്കിൽ നിന്ന് ലോണെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതിൽ അധികവും. സി.പി.എം തൃശൂ‍ർ ജില്ലാ സെക്രട്ടറി എം.എം വർഗീസിൻറെ പേരിലുളള പൊറത്തുശേരി പാ‍ർട്ടി കമ്മിറ്റി ഓഫീസിനായുളള സ്ഥലവും കണ്ട് കെട്ടിയതിൽപ്പെടുന്നു. ‌

സി.പി.എമ്മിൻറെ എട്ട് ബാങ്ക് അക്കൗണ്ടുകളിലും ഇതിലുണ്ടായിരുന്ന 60 ലക്ഷം രൂപയും മരവിപ്പിച്ചിട്ടുണ്ട്. പിന്നാലെയാണ് കേസിൽ സി.പി.എമ്മിനെ പ്രതി ചേർത്തത്.

Leave a Comment

Your email address will not be published. Required fields are marked *