മുംബൈ: 1975ൽ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ആർ.എസ്.എസും ശിവസേനാ നേതാവ് ബാൽ താക്കറെയും അതിനെ പിന്തുണച്ചിരുന്നെന്ന് ശിവസേന – യു.ബി.ടി നേതാവ് സഞ്ജയ് റാവത്ത്.
അന്നത്തെ സാഹചര്യത്തിൽ പ്രധാനമന്ത്രി എ.ബി. വാജ്പേയി ആയിരുന്നെങ്കിൽ പോലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമായിരുന്നു എന്നും റാവത്ത് അഭിപ്രായപ്പെട്ടു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഇനി ഭരണഘടനാ ഹത്യ ദിവസമായി ആചരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതിൻറെ പശ്ചാത്തലത്തിലാണ് റാവത്തിൻറെ പ്രതികരണം. അടിയന്തരാവസ്ഥ രാജ്യസുരക്ഷയുടെ വിഷയമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ചിലർ ശ്രമിച്ചതാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണം. സർക്കാരിൻറെ ഉത്തരവുകൾ അനുസരിക്കരുതെന്ന് രാംലീലാ മൈതാനത്ത് സൈന്യത്തോടും ജവാൻമാരോടും പരസ്യമായി ആഹ്വാനം വരെയുണ്ടായിരുന്നു.
ചിലർ ഇവിടെ ബോംബുണ്ടാക്കുകയും രാജ്യത്തിൻറെ വിവിധ മേഖലകളിലായി സ്ഫോടനങ്ങൾ നടത്തുകയുമായിരുന്നു. 50 വർഷം മുൻപ് നടന്ന സംഭവം ഇപ്പോൾ കുത്തിപ്പൊക്കുന്നത് വേറൊന്നും ചെയ്യാനില്ലാത്തവരാണെന്നും റാവത്ത് വിശദീകരിച്ചു.
അടിയന്തരാവസ്ഥയ്ക്ക് ശേഷം അധികാരത്തിൽ വന്ന, വാജ്പേയി കൂടി ഉൾപ്പെട്ട ജനതാ പാർട്ടി സർക്കാരിന് പോലും രാജ്യത്ത് ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടതായി തോന്നിയിരുന്നില്ല.
ഇപ്പോൾ അങ്ങനെ പറയാൻ ബി.ജെ.പി ആരാണ്? അടിയന്തരാവസ്ഥയെക്കുറിച്ചു സംസാരിച്ചാൽ, മോദി സർക്കാർ ഭരിച്ച 10 വർഷത്തിൽ ഓരോ ദിവസവും ഭരണഘടന കശാപ്പ് ചെയ്യപ്പെടുകയായിരുന്നുവെന്നും റാവത്ത് ആരോപിച്ചു.