ന്യൂഡൽഹി: ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടത്തിയ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി ഗംഭീര മുന്നേറ്റം കാഴ്ചവച്ചു.
13ൽ 10 സീറ്റിലും വിശാല പ്രതിപക്ഷ മുന്നണിയിലെ ഘടകകക്ഷികൾ ജയം ഉറപ്പിച്ചപ്പോൾ, ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ നേരിട്ടത് വൻ തിരിച്ചടി. ഒരിടത്തു മാത്രം സ്വതന്ത്ര സ്ഥാനാർഥിയും വിജയിച്ചു. പഞ്ചാബിൽ ആം ആദ്മി പാർട്ടിയും പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസുമാണ് ഇന്ത്യ മുന്നണിക്കു വേണ്ടി പോരാട്ടം നയിച്ചത്.
ബംഗാളിൽ കോൺഗ്രസും തൃണമൂലും പരസ്പരം മത്സരിക്കുകയും ചെയ്തിരുന്നു. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് രണ്ട് സീറ്റ് ഉറപ്പിച്ചപ്പോൾ ഒരിടത്തു മാത്രം ബി.ജെ.പി മുന്നിലെത്തി. ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് നടത്തിയ രണ്ട് സീറ്റിലും മധ്യപ്രദേശിലെ ഒരു സീറ്റിലും കോൺഗ്രസാണ് ജയം ഉറപ്പിച്ചത്.
തമിഴ്‌നാട്ടിൽ ഡി.എം.കെ സ്ഥാനാർത്ഥി ജയിച്ചപ്പോൾ, ബീഹാറിലാണ് സ്വതന്ത്ര സ്ഥാനാർഥിക്ക് ജയം കുറിക്കാൻ സാധിച്ചത്. ബീഹാർ, പശ്ചിമ ബംഗാൾ, തമിഴ്നാട്, മധ്യ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഒഴിവുള്ള നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ബുധനാഴ്ചയായിരുന്നു.
ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടിപ്പിനു ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പാണിത്. നിയമസഭയിലെ കൂറുമാറ്റങ്ങൾക്കും തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലെ കാലുമാറ്റങ്ങൾക്കും ജനങ്ങൾ നൽകിയ തിരിച്ചടിയെന്ന നിലയിൽ കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തപ്പെടുന്നത്.
മറ്റ് പാർട്ടികളിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിൽ ചേർന്ന് വീണ്ടും മത്സരിച്ച അഞ്ച് ബി.ജെ.പി സ്ഥാനാർഥികൾ പരാജയപ്പെട്ടു. ബിഹാറിൽ ജെഡിയു വിട്ട് ആർ.ജെ.ഡിയിൽ ചേർന്ന സിറ്റിങ്ങ് എം.എൽ.എ ഉപതെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായി.
എന്നാൽ, ബംഗാളിൽ പ്രവണത ഇതിന് വിപരീതമായിരുന്നു. ഇവിടെ മൂന്ന് മണ്ഡലങ്ങളിൽ ജയിച്ചത് ബി.ജെ.പി വിട്ട് തൃണൂൽ കോൺഗ്രസിൽ ചേർന്ന സ്ഥാനാർത്ഥികളാണ്.