മലപ്പുറം: പോത്തുകല്ല് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ ചാലിയാർ പുഴയിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പുഴയിലൂടെ ഒഴുകിയെത്തിയ 10ഓളം പേരുടെ മൃതദേഹാവശിഷ്ടങ്ങളാണ് വിവിധയിടങ്ങളിൽ കണ്ടെത്തിയത്.
വയനാട് ചൂരൽമല ഉരുൾപൊട്ടലിൽപ്പെട്ടവരുടെ മൃതദേഹങ്ങളാണ് ഇതെന്നാണ് സംശയം.ചൊവ്വ രാവിലെ ഏഴോടെ ചാലിയാർ പുഴയിലൂടെ ഒരു കുട്ടിയുടെ മൃതദേഹം ഒഴുകിവരുന്നതാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്.
പോത്തുകല്ലിന്റെയും കുനിപ്പാലയുടെയും ഇടയിലുള്ള അഫ്സത്ത് വളവിൽവച്ച് കുട്ടിയുടെ മൃതദേഹം കരക്കടുപ്പിച്ചു. തുടർന്നാണ് മറ്റ് മൃതദേഹങ്ങളും ഒഴുകിയെത്തിയത്.
നാല് വയസ് തോന്നിക്കുന്ന ഒരു ആൺകുട്ടി, ഏഴ് വയസ് തോന്നിക്കുന്ന പെൺകുട്ടി, 35 വയസ് തോന്നിക്കുന്ന സ്ത്രീ, നാല് പുരുഷന്മാർ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. മറ്റ് മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.