കാഠ്മണ്ഡു: നേപ്പാളിലെ താനാഹുൻ ജില്ലയിൽ തീർഥാടകർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 41 ആയി.
മഹാരാഷ്ട്ര ടൂറിസം മന്ത്രി ഗിരീഷ് മഹാജനാണ് മരണ വിവരം സ്ഥിരീകരിച്ചത്. അപകടത്തിൽപെട്ടവരുടെ കൃത്യമായ കണക്കുകൾ വ്യക്തമല്ല. കൂടുതൽ യാത്രക്കാരും മഹാരാഷ്ട്രയിലെ ജൽകാവ് ജില്ലയിൽ നിന്നുള്ളവരാണെന്നാണ് വിവരം.
നാല് മൃതദേഹങ്ങൾ നാസിക്കിലേക്ക് കൊണ്ടുപോകുന്നതിനായി ഇന്ത്യൻ വ്യോമസേന പ്രത്യേക വിമാനം സജ്ജീകരിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു.
വെള്ളിയാഴ്ച നേപ്പാളിലെ തനാഹുൻ ജില്ലയിലാണ് അപകടമുണ്ടായത്. ഡ്രൈവറും സഹഡ്രൈവറും ഉൾപ്പെടെ ബസ്സിൽ 43 പേരാണുണ്ടായിരുന്നത്.
ദേശീയപാതയിൽ നിന്ന് നിയന്ത്രണം വിട്ട ബസ്, 150 അടി താഴ്ചയിലുള്ള കുത്തിയൊഴുകുന്ന മർസ്യാങ്ങ്ദി നദിയിലേക്ക് വീഴുകയായിരുന്നു. ഗൊരഖ്പുരിലെ കേശർബനി ട്രാവൽസിന്‍റെ മൂന്ന് ബസുകളിലായുള്ള യാത്രാ സംഘത്തിൽ 104 പേരാണ് ഉണ്ടായിരുന്നത്. അതിലൊരു ബസ് അപകടത്തിൽപ്പെടുക ആയിരുന്നു.