Timely news thodupuzha

logo

ചൊക്രമുടി മലയിലെ ഭൂമാഫിയ കയ്യേറ്റം അടിയന്തരമായി ഒഴിപ്പിക്കണം; രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ബൈസൺ വാലി ചൊക്രമുടി മലയിൽ നടന്ന ഭൂമാഫിയയുടെ കയ്യേറ്റം അടിയന്തരമായി ഒഴിപ്പിക്കണമെന്നും അനധികൃത പട്ടയങ്ങൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.

കഴിഞ്ഞ ശനിയാഴ്ച രമേശ് ചെന്നിത്തല ബൈസൺവാലിയിലെത്തി കയ്യേറ്റ പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. സി.പി.ഐ രാഷ്ട്രീയ നേതൃത്വത്തിൻ്റെ ഒത്താശയോടെ ചില വ്യക്തികളും റിസോർട്ട് മാഫിയകളും വളരെ വ്യാപകമായ കയ്യേറ്റം ആണ് ഇവിടെ നടത്തിയിട്ടുള്ളത്. ബൈസൺവാലി പഞ്ചായത്തിൽ സർവേ നമ്പർ 27/1ൽ പെട്ട നാൽപതോളം ഏക്കർ ഭൂമിയാണ് റവന്യൂ വകുപ്പിൻ്റെ ഒത്താശയോടെ കയ്യേറിയിരിക്കുന്നത്.

ചെന്നൈ ആസ്ഥാനമായുള്ള ഒരു മലയാളി വ്യവസായി നേതൃത്വം നല്‍കുന്ന ഭൂമാഫിയയാണ് ഈ കയ്യേറ്റത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ ചിന്നക്കനാലിലും വട്ടവടയിലും ഭൂമി കയ്യേറ്റ വിഷയത്തില്‍ കേസുണ്ട്. സര്‍ക്കാരിന്റെ റവന്യൂ ഭൂമിയില്‍ ഇയാളുടെ തൊഴിലാളികളായ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട നാല് പേര്‍ക്ക് ആദ്യം 14.69 ഏക്കര്‍ ഭൂമിക്ക്് വ്യാജപട്ടയം നല്‍കി. പിന്നീട് ഈ പട്ടയങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സിബി ജോസഫെന്ന വ്യക്തിക്ക് മറിച്ച് വിറ്റു. ഇവിടെയാണ് വ്യാപകമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ ഭുമി ഏതാണ്ട് 40ഓളം പേര്‍ക്ക് പിന്നെയും മറിച്ചു വിറ്റിട്ടുണ്ട്.

എന്നാല്‍ ഈ പട്ടയത്തിനുള്ള സര്‍വ്വേ ആന്റ് ഡീമാര്‍ക്കേഷന്‍ ചാര്‍ജ്ജ് അടച്ചതായി രാജാക്കാട് വില്ലേജിലെ ലാന്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ പട്ടയങ്ങളുടെ അപേക്ഷയിലും, പട്ടയമഹസ്സറിലും പട്ടയം ലഭിച്ചയാളുകളുടെ ഒപ്പുകളില്‍ വ്യത്യാസമുണ്ട്. കൃത്യമായ കള്ളക്കളി നടന്നുവെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഇത്. എന്നാല്‍ ഭൂമി വാങ്ങിയ സ്വകാര്യ വ്യക്തി സിപിഐ ജില്ലാ സെക്രട്ടറിയുടെ സഹായത്തോടെ റവന്യൂ മന്ത്രിയുടെ ഓഫീസില്‍ നിന്ന് റീവസര്‍വേയ്ക്ക് പ്രത്യേക ഉത്തരവ് വാങ്ങിയെടുക്കുകയും റെഡ് സോണായ ഇവിടെ ഹിറ്റാച്ചിയും ജെസിബിയും അടക്കമുള്ള വന്‍യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി വാങ്ങിയെടുക്കുകയും ചെയ്തു. മന്ത്രിയുടെയും പാര്‍ട്ടിയുടെയും ഇടപടീല്‍ വ്യക്തമാക്കുന്ന സംഭവങ്ങളാണിത്.

റോഡുകള്‍ ചെക്ക് ഡാമുകള്‍ എന്നിവ അടക്കം നിര്‍മ്മിക്കുകയും പാറപൊട്ടിക്കുകയും മരങ്ങള്‍ മുറിച്ചു കടത്തുകയും ചെയ്തിട്ടുണ്ട്. ഇതിന് തൊട്ടടുത്തുള്ള 12 ഏക്കര്‍ കൃത്യമായ രേഖകളില്ലാത്ത ഭൂമി സി.പി.ഐയുടെ പ്രാദേശിക നേതാവ് ഇതേയാളിന് വിറ്റിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

മുതുവാൻ ആദിവാസി വിഭാഗത്തിൽപ്പെട്ട ജനങ്ങൾ വളരെ പവിത്രവും പാവനവുമായി കാണുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഭൂമിയാണ് ചൊക്ര മുടി മലയും അതിനോട് ചേർന്നുള്ള പ്രദേശങ്ങളും. മുതുവാൻ ആദിവാസി സമുദായത്തിന് ആരാധനാ പരമായ അവകാശങ്ങൾ, വന വിഭവ ശേഖരണത്തിനുള്ള സാമൂഹിക അവകാശങ്ങൾ, ചൊക്രമുടി ആദിവാസി കുടി അതുപോലെ അതിനോട് ചേർന്നും അതിന് താഴോട്ടുമായി അധിവസിക്കുന്ന ആദിവാസി ഇതര ജന വിഭാഗങ്ങൾ എല്ലാവരും കുടി വെള്ള ആവശ്യത്തിനായി ആശ്രയിക്കുന്ന ശുദ്ധ ജല സ്രോതസ്സുകൾ ഉത്ഭവിക്കുന്ന സ്ഥലം, ആദിവാസികൾ കന്നുകാലി മേച്ചിലിന് സാമൂഹികമായി ഉപയോഗിക്കുന്ന പുൽമേടുകൾ, ആനത്താരകൾ, നീലക്കുറിഞ്ഞി, വരയാടുകൾ തുടങ്ങിയവ അടക്കം ഉള്ള ഭൂമിയാണ് ഇപ്പോൾ കൈയ്യേറ്റത്തിന് വിധേയമായിരിക്കുന്നത്.

അതീവ സംരക്ഷണ വിഭാഗത്തില്‍പ്പെട്ട വരയാടുകളും, നീലക്കുറിഞ്ഞി ചെടികളും, ഉള്‍പ്പെടെ ജൈവവൈവിധ്യ കേന്ദ്രമായ ചൊക്രമുടി മലനിരകള്‍ മുഴുവന്‍ റവന്യൂ സംരക്ഷിത ഭൂപ്രദേശമാണ്. മുതിപ്പുഴയാറിന്റെ ഉത്ഭവകേന്ദ്രം കൂടിയാണിത്.

പട്ടികജാതി പട്ടിക വര്‍ഗത്തില്‍പ്പെട്ട ഏതാണ്ട് ഇരുന്നൂറോളം കുടുംബങ്ങള്‍ ആണ് ഈ താഴ് വരയില്‍ താമസിക്കുന്നത്. അതീവ പരിസ്ഥിതി ലോലപ്രദേശമായ ഇവിടെ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ ഉരുള്‍ പൊട്ടല്‍ അടക്കമുള്ള സാധ്യതകള്‍ സജീവമാക്കുന്നുണ്ട്. സാധാരണക്കാരുടെ ജീവന് ഭീഷണിയാകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അതീവ പരിസ്ഥിതി ലോലമേഖലകളില്‍ അനുവദിക്കരുത്.

സ്ഥലം കൈയ്യേറിയ സിബി ജോസഫെന്ന സ്വകാര്യ വ്യക്തിക്ക് പട്ടയം ഉള്‍പ്പെടെയുള്ള വ്യാജരേഖകള്‍ നിര്‍മ്മിക്കാന്‍ റവന്യൂവകുപ്പ് മന്ത്രിയും സിപിഐ ജില്ലാ നേതൃത്വവും സഹായിച്ചെന്ന മുന്‍പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സിപിഐ നേതാവിന്റെ വെളിപ്പെടുത്തലും വളരെ ഗൗരവമായി അന്വേഷിക്കേണ്ടതുണ്ട്. ഈ പ്രദേശങ്ങള്‍ മുറിച്ച് വില്‍ക്കരുതെന്ന് റവന്യൂ വകുപ്പിന്റെ ഉത്തരവ് നിലനില്‍ക്കേയാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നിട്ടുള്ളത്.

കൈയ്യേറ്റക്കാരെ സര്‍വ്വാത്മനാ സഹായിക്കുന്ന സമീപനമാണ് ഇടുക്കി ജില്ലയിലെ ഇടതുനേതാക്കള്‍ സ്വീകരിക്കുന്നത്. റീസര്‍വ്വേ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ഓര്‍ഡര്‍ തരപ്പെടുത്തി നല്‍കുന്നതിന് പ്രത്യേക റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഭൂപ്രദേശം. ഉരുള്‍പ്പൊട്ടലിനും, മണ്ണിടിച്ചിലിനും സാധ്യതയുള്ള സ്ഥലമാണിത്.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ഭയത്തോടെയാണ് പ്രദേശവാസികള്‍ കഴിയുന്നത്. ഈ സാഹചര്യത്തില്‍ ഒറ്റമരം മുതല്‍ ഗ്യാപ് റോഡ് വരെയുള്ള മുഴുവന്‍ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്നും ഇവിടെ അനധികൃതമായി വിതരണം ചെയ്തിട്ടുള്ള മുഴുവന്‍ പട്ടയങ്ങളും റദ്ദാക്കി റവന്യൂ ഭൂമി തിരിച്ച് പിടിക്കണമെന്നും, കൈയ്യേറ്റക്കാര്‍ക്കെതിരെയും അവര്‍ക്ക് സഹായം നല്‍കിയ ഉദ്യോഗസ്ഥ, രാഷ്ട്രീയ നേതാക്കള്‍ക്കെതിരേയും എതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നുവെന്നും രമേശ് ചെന്നിത്തല കത്തിൽ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *