ന്യൂഡല്‍ഹി: പി.വി അന്‍വറിന്‍റെ ആരോപണങ്ങൾ തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി.വി അന്‍വറിന്‍റെ നീക്കം പാര്‍ട്ടി നേരത്തേ സംശയിച്ചത് പോലെ എല്‍.ഡി.എഫിനെയും സര്‍ക്കാരിനെയും അപമാനിക്കാനുള്ള ശ്രമമാണ്.
അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്നും എന്നാൽ ഇപ്പോഴല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
അന്‍വറിന്‍റെ ഉദ്ദേശ്യം വ്യക്തമാണ്. ഇടത് മുന്നണിക്ക് എതിരെയാണ് അന്‍വര്‍ സംസാരിക്കുന്നത്. എല്‍.ഡി.എഫ് ശത്രുക്കളുടെ പ്രചാരണമാണ് എം.എല്‍.എ ഏറ്റെടുക്കുന്നത്.

പാര്‍ട്ടിക്ക് എതിരായ അന്‍വറിന്‍റെ ആരോപണങ്ങളും അിസ്ഥാനരഹിതമാണ്. ഇത് പൂര്‍ണമായി തള്ളിക്കളയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നേരത്തേ പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ അതുപോലെ നടക്കും.

എം.എല്‍.എയെന്ന നിലയില്‍ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ സംഘത്തെ നിയോഗിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്. അതിലും അദ്ദേഹം തൃപ്തനല്ലെന്ന് ഇന്നലെ പറഞ്ഞതില്‍ നിന്ന് വ്യക്തമാണ്. എൽ.ഡി.എഫിൽ നിന്ന് വിട്ട് നിൽക്കുന്നതായി അറിയിച്ചു.
എൽ.ഡി.എഫിൽ നിന്നും വിട്ട് നിൽക്കുന്നുവെന്നും പാർലമെന്‍ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്നുമാണ് അറിയിച്ചത്. എല്ലാ കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കി.
നിങ്ങൾക്ക് ഇനിയും കുറേ ചോദ്യങ്ങൾ ചോദിക്കാനുണ്ടാവുമെന്ന് അറിയാം. എന്നാൽ അതിനെല്ലാം മറുപടി പിന്നീട് പറയും. ഇപ്പോള്‍ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളെല്ലാം പൂര്‍ണമായി തള്ളുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.