നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരേ കൊലവിളിയുമായി നിലമ്പൂരിൽ വിളിച്ചു ചേർത്ത വിശദീകരണ പൊതുയോഗത്തിൽ പുതിയ ആരോപണങ്ങളൊന്നും ഉയർത്താതെ പി.വി അൻവർ.
പുതിയ പാർട്ടി പ്രഖ്യാപിച്ചില്ലെങ്കിലും, അങ്ങനെയൊരു സാധ്യതയെക്കുറിച്ച് സർവേ നടത്തുമെന്ന സൂചനയുണ്ടായി. പശ്ചാത്തല വിവരണവും മതമൈത്രി സന്ദേശവും സാഹോദര്യ പ്രഖ്യാപനവും എല്ലാമായി പതിഞ്ഞ താളത്തിൽ തുടങ്ങിയ അൻവറിൻറെ പ്രസംഗം, പുതിയ ആരോപണങ്ങളിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ച്, തേങ്ങയുടയ്ക്ക് സ്വാമീയെന്ന് മനസിൽ പറഞ്ഞ്, അവസാനം വരെ കാത്തവർക്ക് നിരാശ മാത്രം.
ഇതേവരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ആവർത്തിക്കുക മാത്രമാണ് രണ്ടു മണിക്കൂറോളം നീണ്ട പ്രസംഗത്തിൽ അദ്ദേഹം ചെയ്തത്. സി.പി.എം മരുത മുൻ ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് മുൻ പ്രസിഡൻറുമായ ഇ.എ സുകുവാണ് വേദിയിലെത്തി യോഗത്തിന് സ്വാഗതം പറഞ്ഞത്. കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.എം രക്തസാക്ഷി പുഷ്പനെ അനുസ്മരിച്ച് പ്രസംഗം തുടങ്ങിയ അൻവർ, എന്തിനും ഏതിനും മനുഷ്യനെ വർഗീയമായി കാണുന്ന കാലത്തിലേക്ക് കേരളം നീങ്ങുകയാണെന്നു പറഞ്ഞു.
ചന്തക്കുന്ന് ബസ് സ്റ്റാൻഡിനു സമീപത്തെ ഗ്രൗണ്ടിൽ അൻവറിനെ കാത്ത് നിന്ന പ്രവർത്തകർ ഈങ്ക്വിലാബ് സിന്ദാബാദ് വിളികളുമായാണു യോഗസ്ഥലത്തേക്ക് വരവേറ്റത്.
മുഖ്യമന്ത്രിക്കെതിരേ കടുത്ത ഭാഷയിലാണ് അൻവർ വീണ്ടും ആരോപണങ്ങൾ ഉയർത്തിയത്. തൻറെ കാല് വെട്ടുമെന്ന സി.പി.എം ഭീഷണിക്ക് വീൽ ചെയറിൽ വരുമെന്ന് അദ്ദേഹം മറുപടി നൽകി.
സ്വർണക്കള്ളക്കടത്ത്, മയക്കുരുന്നു കടത്ത് തുടങ്ങിയ ആരോപണങ്ങളിലെല്ലാം അൻവർ പഴയ നിലപാട് തുടർന്നു. സ്‌ഫോടകാത്മകമായ അവസ്ഥയിലാണ് കേരളം. പൊലീസ് ക്രിമിനൽവത്കരിക്കപ്പെട്ടു. എയർപോർട്ട് വഴി വരുന്ന സ്വർണം അടിച്ചുമാറ്റുന്നു.
തന്നെ വർഗീയവാദിയാക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. ഒരാൾ മതവിശ്വസി ആയതുകൊണ്ട് അയാൾ വർഗീയവാദിയാകുന്നില്ല. മറ്റു മതങ്ങളെ എതിർക്കുകയും അവരോട് വെറുപ്പ് കാണിക്കുകയും ചെയ്യുന്നതാണ് വർഗീയവാദം.
അതു രണ്ടും വേർതിരിയേണ്ടതുണ്ടെന്നും അൻവർ പറഞ്ഞു. മനുഷ്യനെ വർഗീയമായി കാണുന്ന നിലയിലേക്ക് കേരളവും നീങ്ങുകയാണ്. ഒരാൾ ഒരു വിഷയം ഉന്നയിച്ചാൽ അതിലേക്ക് നോക്കുന്നതിന് പകരം അവൻറെ പേരെന്താണ് എന്നതാണ് ആദ്യത്തെ നോട്ടം.
എൻറെ പേര് അൻവർ ആയതുകൊണ്ട് മുസ്‌ലിം വർഗീയവാദിയാക്കാനുള്ള പരിശ്രമമാണ്. അഞ്ചുനേരം നമസ്കരിക്കുന്നവരാണ് എന്നതാണ് ഇപ്പോൾ വലിയ ചർച്ച- അൻവർ കൂട്ടിച്ചേർത്തു.
എയർപോർട്ട് വഴി വരുന്ന സ്വർണം പിടിച്ചെടുത്താൽ സർക്കാരിലേക്ക് നിക്ഷേപിക്കേണ്ട. നാടിൻറെ അസറ്റായി മാറേണ്ട സ്വർണം വലിയ ഒരു വിഭാഗം അടിച്ച് മാറ്റുന്നു.
അതുമായി ബന്ധപ്പെട്ട് നാട്ടിൽ കൊലകൾ നടക്കുന്നു. മൂന്ന് വർഷത്തിലധികമായി കോഴിക്കോട് കരിപ്പൂർ എയർപോർട്ട് വഴി നടക്കുന്നത് വലിയ തട്ടിപ്പാണ്. എങ്ങനെയാണ് പൊലീസിന് ഇവരെ പിടിക്കാൻ പറ്റുന്നത്. എങ്ങനെയാണ് ഇവർ കസ്റ്റംസിൽ നിന്ന് രക്ഷപ്പെട്ടുപോരുന്നത്.
ആർക്കുവേണ്ടിയാണോ താൻ പോരാട്ടം നടത്തിയത് അവരെത്തന്നെ തെരുവിലിറക്കിയിരിക്കുകയാണ് ഈ പ്രസ്ഥാനം. അൻവറിൻറെ വാക്കുകൾ ഒരാൾ ഉന്നയിച്ചാൽ വിഷയത്തിന് പകരം പേരാണ് നോക്കുന്നത്. എൻറെ പേര് അൻവർ എന്നായതുകൊണ്ട് മുസ്‍ലിം വർഗീയവാദിയാക്കാൻ ശ്രമിക്കുകയാണ്.
ഞാൻ അഞ്ച് നേരം നമസ്കരിക്കുമെന്ന് പറഞ്ഞതാണ് ഇപ്പോഴത്തെ ചർച്ച. ഓം ശാന്തി, ആകാശത്തുള്ള കർത്താവ് ഭൂമിയിലുള്ള മനുഷ്യരെ അനുഗ്രഹിക്കട്ടെ, അസലാമു അലൈക്കും, ലാൽസലാം സഖാക്കളെ, ഇതെല്ലാം ഒന്നാണെന്ന് അൻവർ പറഞ്ഞു.
മൊബൈൽ ഫോൺ അടിമകളാണ് ചെറുപ്പക്കാർ. നാട്ടിൽ നടക്കുന്ന ഒരു കാര്യവും യുവസമൂഹം അറിയുന്നില്ല. രാജ്യത്തിൻറെ ഭരണഘടന അനുസരിച്ച് ഭരണം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ആർക്കും സമയമില്ല.
ഫാഷിസം കടന്നുവരുന്നത് മൊബൈൽ ഫോണിലൂടെയാണ്. കേരളം സ്ഫോടനാത്മകമായ അവസ്ഥയിൽ നിൽക്കുകയാണ്. ഞാൻ ഫോൺ ചോർത്തിയതിനു കേസെടുത്തു.
കേരളം വെള്ളരിക്കാപ്പട്ടണമായി മാറിയിരിക്കുകയാണ്. ഞാൻ പിണറായി വിജയനെ രാഷ്‌ട്രീയത്തിൽ വിശ്വസിച്ച മനുഷ്യനായിരുന്നു. എൻറെ ഹൃദയത്തിൽ പിണറായി എൻറെ വാപ്പ തന്നെയായിരുന്നു.
എത്ര റിസ്കാണ് അദ്ദേഹം ഈ പാർട്ടിക്കു വേണ്ടിയെടുത്തത്. പ്രതിപക്ഷം മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരേ ഉയർത്തിയ എത്ര അനാവശ്യ ആരോപണങ്ങളെ ഞാൻ തടുത്തു. ഒരിക്കലും ആ പാർട്ടിയെയോ പാർട്ടി പ്രവർത്തകരെയോ ഞാൻ തള്ളിക്കളയില്ല.
വളരെ വിശദമായാണു മുഖ്യന്ത്രി എൻറെ പരാതി കേട്ടത്. 37 മിനിറ്റാണ് മുഖ്യമന്ത്രിയുടെ അടുത്ത് ഇരുന്നത്. 9 പേജുള്ള പരാതി വായിച്ചുതീരാൻ 10 മിനിറ്റെടുത്തു. ഓരോന്നും എന്നോട് ചോദിച്ചു.
എൻറെ ഉള്ളെടുക്കാനാണെന്ന് എനിക്ക് അറിയില്ലായിരുന്നു. 2021ൽ ഞാനടക്കം ജയിച്ചത് പിണറായി കാരണമാണ്. അദ്ദേഹം കത്തിജ്വലിച്ച് നിന്ന സൂര്യനായിരുന്നു അന്ന്.
ഇന്ന് ആ സൂര്യൻ കെട്ടുപോയി. സി.എ.മ്മിൻറെ ഗ്രാഫ് നൂറിൽ നിന്നും പൂജ്യമായി. പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണ് കാരണക്കാരാനെന്ന് ഞാൻ പറഞ്ഞു. അജിത് കുമാർ ലോ ആൻഡ് ഓർഡറിൽ ഇരിക്കുന്നതും പ്രയാസമാണെന്ന് പറഞ്ഞു.
എൻറെ തൊണ്ട ഇടറി. ഞാൻ വല്ലാതെ വിഷമിച്ചു, കണ്ണ് ചുമന്നു. ഞാൻ രണ്ട് മൂന്ന് മിനിറ്റ് ഇരുന്ന് കണ്ണൊക്കെ തുടച്ചാണ് സി.എമ്മിൻറെ ഓഫിസിൽ നിന്നിറങ്ങിയത്. പത്രക്കാർ പുറത്തുണ്ടെന്ന് പറഞ്ഞപ്പോൾ നീ പറഞ്ഞോ എന്നാണ് സി.എം പറഞ്ഞതെന്നും അൻവർ വ്യക്തമാക്കി.