ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. അടുത്തമാസം 8ന് പുരസ്കാരം സമ്മാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
മിഥുൻ ചക്രവർത്തിയെ(74) അടുത്തിടെയാണ് പത്മഭൂഷൺ പുരസ്‌കാരം നൽകി കേന്ദ്രസർക്കാർ ആദരിച്ചത്. 1976ൽ മൃഗയയെന്ന ചലചിത്രത്തിലൂടെ തൻറെ സിനിമാ ജീവിതം ആരംഭിച്ചത്. ആദ്യ സിനിമയിൽത്തന്നെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മിഥുൻ ചക്രവർത്തി കരസ്ഥമാക്കിയിരുന്നു.
വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിനിടെ, തഹദേർ കഥ(1992), സ്വാമി വിവേകാനന്ദ(1998) തുടങ്ങിയ സിനിമകളിലെ അഭിനയത്തിനും ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസെന്ന സിനിമയിലാണ് മിഥുൻ ചക്രവർത്തി ഒടുവിലായി അഭിനയിച്ചത്.