Timely news thodupuzha

logo

പി.റ്റി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ നീക്കം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍റെ ആദ്യ വനിതാ പ്രസിഡന്‍റായ പി.റ്റി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ നീക്കം. ഈ മാസം 25ന് ചേരുന്ന പ്രത്യേക ഐ.ഒ.എ യോഗത്തിൽ അവിശ്വാസപ്രമേയം പരിഗണിച്ചേക്കുമെന്ന് എക്സിക്യൂട്ടീവ് കൗണ്‍സില്‍ പുറത്തുവിട്ട അജണ്ടയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പ്രസിഡന്‍റിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതുൾപ്പടെ യോഗത്തില്‍ ചര്‍ച്ചയാകും. 15 അംഗ അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റില്‍ 12 പേരും ഉഷയ്ക്ക് എതിരാണെന്നാണ് റിപ്പോര്‍ട്ട്. സമിതിയിലെ ബഹുഭൂരിപക്ഷം അംഗങ്ങളുമായി പി.റ്റി ഉഷ കടുത്ത ഭിന്നതയിലാണ്. ചുമതല ഏറ്റെടുത്തത് മുതൽ പി.റ്റി ഉഷ ഇന്ത്യൻ കായിക മേഖലയ്ക്കെതിരായി പ്രവർത്തിക്കുന്നുവെന്നാണ് ആരോപണം.

ഒളിംപിക്സ് മുന്നൊരുക്കങ്ങള്‍ക്കായി അധിക പണം ചെലവഴിച്ചു, ഒളിംപിക്സ് സ്പോണ്‍സര്‍ഷിപ്പിലെ ക്രമക്കേട്, ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റെന്ന നിലയിലുള്ള ആഡംബര ജീവിതം, പ്രതിനിധി സംഘത്തില്‍ അനധികൃതമായി പലരെയും തിരുകിക്കയറ്റി തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉഷയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

അധ്യക്ഷ ഏകപക്ഷീയമായാണ് പെരുമാറുന്നുതെന്നും തന്നിഷ്ടപ്രകാരമാണ് തീരുമാനങ്ങള്‍ എടുക്കുന്നതുമെന്നാണ് ഭൂരിപക്ഷം എക്‌സിക്യൂട്ടീവ് അംഗങ്ങളും പറയുന്നത്.

യോഗ്യതാ മാദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് ഉഷ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. നേരത്തെ പാരീസ് ഒളിംപിക്സിലെ ഹോസ്പിറ്റാലിറ്റി ലോഞ്ചുമായി ബന്ധപ്പെട്ട് റിലയന്‍സുമായുള്ള കരാറില്‍ സി.എ.ജി ഉഷയ്ക്ക് നേരെ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു.

റിലയന്‍സിനെ ഉഷ വഴിവിട്ട് സഹായിച്ചെന്നും ഇതുമൂലം ഐഒഎയ്ക്ക് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് സി.എ.ജി ആരോപിച്ചത്. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം ഉഷ നിരസിച്ചിരുന്നു. 2022 ഡിസംബര്‍ 10നാണ് ഒളിമ്പിക് അസോസിയേഷന്‍റെ തലപ്പത്തേയ്ക്ക് പി.റ്റി ഉഷ എത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *