Timely news thodupuzha

logo

ഇന്ത്യക്ക് ദയനീയ ബാറ്റിം​ഗ് തകർച്ച

ബാംഗ്ലൂർ: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ദയനീയ ബാറ്റിം​ഗ് തകർച്ച. മഴ കാരണം ഒരു ദിവസം വൈകി ആരംഭിച്ച മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 46 റൺസിന് ഓൾഔട്ടായി.

ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്ല് തന്നെ സ്വന്തം നാട്ടിൽ സ്കോർ ചെയ്യുന്ന ഏറ്റവും കുറഞ്ഞ സ്കോറാണിത്. അഞ്ച് ബാറ്റർമാരാണ് പൂജ്യത്തിനു പുറത്തായത്. മഴയും മൂടിക്കെട്ടിയ കാലാവസ്ഥയും കാരണം ബാറ്റിം​ഗ് ദുഷ്കരമായ വിക്കറ്റിൽ കിവി പേസ് ബൗളർമാർ ഇന്ത്യൻ ബാറ്റിങ് നിരയെ വിറപ്പിക്കുകയായിരുന്നു.

16 പന്ത് നേരിട്ട് ഒരു റൺ മാത്രം നേടിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പരുക്കേറ്റ ശുഭ്‌മൻ ഗില്ലിനു പകരം വൺ ഡൗൺ പൊസിഷനിലെത്തിയ വിരാട് കോലിയും, ഗില്ലിനു പകരം പ്ലെയിങ് ഇലവനിലെത്തിയ സർഫറാസ് ഖാനും പൂജ്യത്തിനു പുറത്തായി. തുടർന്നെത്തിയ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, പിടിച്ചുനിൽക്കാൻ ശ്രമിച്ച ഓപ്പണർ യശസ്വി ജയ്സ്വാളുമൊത്ത് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു.

എന്നാൽ, അസാധാരണമാം വിധം കരുതലോടെ കളിച്ച ജയ്സ്വാൾ 63 പന്തിൽ 13 റൺസുമായി മടങ്ങിയതോടെ ഈ കൂട്ടുകെട്ടും പൊളിച്ചു. പിന്നീട് വന്ന കെ.എൽ രാഹുലും രവീന്ദ്ര ജഡേജയും കൂടി ഡക്കായി. ലഞ്ചിന് പിരിയുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 34 എന്ന നിലയിലായിരുന്നു ഇന്ത്യ.

മത്സരം പുനരാരംഭിച്ച് 12 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച നാല് പേരും കൂടാരം കയറി. 20 റൺസെടുത്ത വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. ന്യൂസിലൻഡിനായി ഉജ്വലമായി പന്തെറിഞ്ഞ മാറ്റ് ഹെൻറി 15 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി.

നാല് വിക്കറ്റ് വീഴ്ത്തിയ പുതുമുറ പേസർ വില്യം ഒറൂർക്കെയും മോശമാക്കിയില്ല. ടിം സൗത്തിക്ക് ഒരു വിക്കറ്റ്. ആകെ മൂന്നു പേർ മാത്രമാണ് ന്യൂസിലൻഡിനു വേണ്ടി പന്തെറിഞ്ഞത്. അതേസമയം, ഇന്ത്യ കുൽദീപ് യാദവ് അടക്കം മൂന്ന് സ്പിന്നർമാരെയാണ് അണിനിരത്തിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *