കണ്ണൂർ: ചെങ്ങളായി വളക്കൈയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. രോഗബാധിതയായ 19 കാരി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത കുട്ടിയുടെ വീട് സംഘം സന്ദർശിച്ചു. കൊതുകിന്റെ ഉറവിടം കണ്ടെത്താൻ പരിശോധന നടത്തിവരികയാണ്. പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തിയ പക്ഷികളുടെ ജഡങ്ങൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഈ വർഷം സംസ്ഥാനത്ത് 28 വെസ്റ്റ് നൈൽ കേസുകൾ സ്ഥിരീകരിക്കുകയും അതിൽ ആറ് പേർ മരിക്കുകയും ചെയ്തിരുന്നു. അണുബാധയുള്ള പക്ഷികളെ കടിച്ച കൊതുകുകൾ മനുഷ്യരെ കടിക്കുമ്പോഴാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല.