തിരുവനന്തപുരം: ഓഫീസ് സമയത്ത് സർക്കാർ ഓഫീസുകളിൽ വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾ വേണ്ടെന്ന് ഉത്തരവിറക്കി സംസ്ഥാന സർക്കാർ.
സാംസ്‌കാരിക പരിപാടികൾക്ക് അടക്കം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം സ്ഥാപന മേധാവികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഉത്തരവിൽ പറയുന്നു. സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾക്കും സർക്കാർ നിർദ്ദേശങ്ങൾക്കും അനുസൃതമല്ലാതെ ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ ഓഫീസുകളിൽ കൾച്ചറൽ ഫോറങ്ങൾ നടക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഓഫീസ് സമയം അല്ലാത്തപ്പോൾ മാത്രമേ ഇത്തരം പരിപാടികൾ നടത്താവൂ. അല്ലാത്തപക്ഷം ഉത്തരവ് ലംഘിച്ചാൽ നടപടിയുണ്ടാകമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഓഫീസ് സമയത്ത് സാംസ്‌കാരിക പരിപാടികൾ പാടില്ലെന്ന് നേരത്തേ സർവീസ് ചട്ടപ്രകാരം ഉത്തരവുണ്ടായിരുന്നു.
എന്നാൽ സെക്രട്ടറിയേറ്റിൽ അടക്കം ഓഫീസ് സമയത്ത് ഇത്തരം പരിപാടികൾ നടക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നതിനു പിന്നാലെയാണ് ഈ സർക്കാർ നടപടി.