പാലക്കാട്: ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രവർത്തകർ താമസിക്കുന്ന ഹോട്ടൽ മുറികളിൽ അനധികൃതമായി കള്ളപണം ഒഴുക്കിയെന്നാരോപിച്ച് പൊലീസ് നടത്തിയ റെയ്ഡിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകി.
തെരഞ്ഞെടുപ്പ് കമ്മിഷനെയും തെരഞ്ഞെടുപ്പ് ഉദ‍്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സി.പി.എം പൊലീസിനെ രാഷ്ട്രീയപരമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് പ്രതിപക്ഷ നേതാവിൻറെ പരാതിയിൽ പറയുന്നത്. അർധരാത്രി നടത്തിയ റെയ്ഡിൽ പൊലീസ് ഉദ‍്യോഗസ്ഥർ നിയമങ്ങൾ പാലിക്കാതെയാണ് മുൻ എം.എൽ.എയും കോൺഗ്രസ് രാഷ്ട്രീയകാര‍്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻറെയും മഹിളാ കോൺഗ്രസ് സംസ്ഥാന അധ‍്യക്ഷ ബിന്ദു കൃഷ്ണയുടെയും മുറികൾ പരിശോധിച്ചതെന്നും പരാതിയിൽ പറയുന്നു.
ബി.എൻ.എസ്.എസിൽ നിർദ്ദേശിച്ചിരിക്കുന്ന നടപടി ക്രമം പൊലീസ് പാലിച്ചില്ലെന്നും പരാതിയിൽ പറയുന്നു. പരിശോധനയ്ക്കെത്തിയ പൊലീസ് സംഘത്തിനൊപ്പം എ.ഡി.എം ആർ.ഡി.ഒ ഉൾപ്പടെയുള്ള ഉദ‍്യോഗസ്ഥർ ഇല്ലാത്തത് നിയമവിരുദ്ധമാണ്.
രാത്രി 12 മണിക്ക് പരിശോധന ആരംഭിച്ചെങ്കിലും പുലർച്ചെ 2:30 ആയപ്പോളാണ് എ.ഡി.എമ്മും ആർ.ഡി.ഒയും സ്ഥലത്തെത്തിയത്. റെയ്ഡ് വിവരം തങ്ങൾ അറിഞ്ഞില്ലെന്ന് ആർ.ഡി.എം ഫാഫി പറമ്പിൽ എം.പിയോട് വ‍്യക്തമാക്കുകയും ചെയ്തിരുന്നു.