ന്യൂഡൽഹി: ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഒന്നാം ഘട്ടമായി 15 ജില്ലകളിലെ 43 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്. 17 ജനറൽ സീറ്റുകളിലും 20 പട്ടികവർഗ സംവരണ മണ്ഡലങ്ങളിലും ആറ് പട്ടികജാതി സംവരണ സീറ്റുകളിലുമാണ് പോളിങ്ങ്.
മുൻ മുഖ്യമന്ത്രി ചംപയ് സോറൻ ഉൾപ്പെടെ 683 സ്ഥാനാർത്ഥികളുടെ വിധി ഇന്ന് നിർണയിക്കും. വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും വിവിധ സംസ്ഥാനങ്ങളിലെ 33 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പുകളും ഇന്ന് നടക്കും.
കേരളത്തിൽ ചേലക്കര മണ്ഡലത്തിലെ വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. രാജസ്ഥാൻ(7), പശ്ചിമ ബംഗാൾ(6), അസം(5), ബിഹാർ(4), കർണാടക(3), മധ്യപ്രദേശ്(2), ഛത്തിസ്ഗഡ്, ഗുജറാത്ത്, മേഘാലയ(ഒന്ന് വീതം) എന്നിങ്ങനെയാണ് ഇന്ന് പോളിങ്ങ് നടക്കുന്ന മറ്റ് നിയമസഭാ മണ്ഡലങ്ങൾ.
സിക്കിമിലെ രണ്ട് സീറ്റുകളിലും ഇന്ന് പോളിങ്ങ് നടക്കേണ്ടതായിരുന്നു. എന്നാൽ, ഇവിടെ സിക്കിം ക്രാന്തികാരി മോർച്ചയുടെ സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചതിനാൽ വോട്ടെടുപ്പ് വേണ്ടി വന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചവർ എംഎൽഎ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ഭൂരിപക്ഷം മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ്.
ഇവയുടെ ഫലം നിലവിലുള്ള സംസ്ഥാന സർക്കാരുകളെ ബാധിക്കില്ല. എന്നാൽ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിനുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പ് ഫലം ഏറെ പ്രാധാന്യത്തോടെയാണ് മുഖ്യ കക്ഷികൾ കാണുന്നത്.
ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്ന് കൂടി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി രാജിവച്ചതിനാലാണ് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ്.