പാലക്കാട്: ക്ഷേത്ര ചടങ്ങിൻറെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജുവാണ്(43) മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
ആചാരമായ ആട്ടത്തിൻറെ ഭാഗമായി വെളിച്ചപ്പാട് തുള്ളുന്നതിനിടെ കാഞ്ഞിരക്കായ കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വ‍്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.
അഞ്ഞൂറിലേറെ കുടുംബാംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ ഹനുമാനെ ആവാഹിച്ച് വെളിച്ചപ്പാട് തുള്ളിയത് ഷൈജുവായിരുന്നു. ചടങ്ങിനിടെ വെളിച്ചപ്പാടിന് ഫലമൂലാദികൾ നൽകുന്ന പതിവുണ്ട്.
ആചാരത്തിൻറെ ഭാഗമായി കാഞ്ഞിരക്കായയും ഇതിൻറെ കൂടെ വയ്ക്കാറുണ്ട്. വെളിച്ചപ്പാട് തുള്ളുന്നയാൾ ഇത് കടിച്ച ശേഷം തുപ്പി കളയുകയാണ് പതിവ്.
എന്നാൽ ഷൈജു മൂന്ന് കാഞ്ഞിരക്കായ കഴിച്ചുവെന്നാണ് കുടെയുണ്ടായിരുന്നവർ പറയുന്നത്. തുടർന്ന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ഷൈജുവിനെ പട്ടാമ്പിയിലെ സ്വകാര‍്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.