ലഖ്നൗ: ഉത്തർപ്രദേശിലെ ബാഗ്പത്തിൽ മുള കൊണ്ടുള്ള പ്ലാറ്റ് ഫോം തകർന്ന് ഏഴ് പേർ മരിച്ചു. 50 ലധികം പേർക്ക് പരുക്കേറ്റു. പ്രാദേശിക ജൈന സമൂഹം 30 വർഷമായി വർഷം തോറും ആഘോഷിക്കുന്ന ലഡു മഹോത്സവത്തിൽ പങ്കെടുക്കാനെത്തിയവർക്കാണ് അപകടമുണ്ടായത്. ജനങ്ങൾക്കായി മുള കൊണ്ടുള്ള പ്ലാറ്റ്‌ഫോമുകളാണ് ഒരുക്കിയിരുന്നത്.
ആളുകൾ നിയന്ത്രണമില്ലാതെ എത്തിയതോടെ ഭാരം താങ്ങാനാവാതെ പ്ലാറ്റ്ഫോം തകരുകയായിരുന്നു. സംഭവം നടന്നയുടൻ പൊലീസും ആംബുലൻസും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
ചിലരുടെ നില അതീവ ഗുരുതരമാണ്. ചെറിയ പരുക്കേറ്റവരെ പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് അയച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ദുഃഖം രേഖപ്പെടുത്തി.