തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ആർടിസിയിൽ ഇന്ന് അർധരാത്രി മുതൽ കോൺഗ്രസിൻറെ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ(ടിഡിഎഫ്) പണിമുടക്കും.
12 ആവശ്യങ്ങളുന്നയിച്ചാണ് ഇന്ന് (feb 3) അർധരാത്രി മുതൽ ഒരു ദിവസം പണിമുടക്കുന്നത്. പണിമുടക്ക് ഒഴിവാക്കാൻ കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ സംഘടന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
എന്നാൽ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെ പണിമുടക്കിൽ നിന്നും പിന്മാറില്ലെന്ന് ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് അറിയിച്ചു. ശമ്പളവും പെൻഷനും എല്ലാ മാസവും ഒന്നാം തീയതി വിതരണം ചെയ്യുക, ഡിഎ കുടിശിക പൂർണമായും അനുവദിക്കുക, ശമ്പള പരിഷ്‌കരണ കരാറിൻറെ സർക്കാർ ഉത്തരവ് ഇറക്കുക, കാലാവധി കഴിഞ്ഞ ഹിത പരിശോധന നടത്തുക, ഡ്രൈവർമാരുടെ സ്‌പെഷ്യൽ അലവൻസ് കൃത്യമായി നൽകുക, കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുക, മെക്കാനിക്കൽ വിഭാഗത്തിനെതിരെയുള്ള പീഡനം അവസാനിപ്പിക്കുക, സ്വിഫ്റ്റ് കമ്പനി കെഎസ്ആർടിസിയിൽ ലയിപ്പിക്കുക, കാറ്റഗറി വ്യത്യാസം ഇല്ലാതെ ഡ്യൂട്ടി സറണ്ടർ അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, എൻപിഎസ്, എൻഡിആർ നാളിതുവരെയുള്ള കുടിശിക അടച്ചു തീർക്കുകയും പിടിക്കുന്ന തുക അതാതു മാസം അടയ്ക്കുകയും ചെയ്യുക, അഴിമതികൾ വിജിലൻസ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ടിഡിഎഫ് പണിമുടക്കുന്നത്.
അതേസമയം, കെഎസ്ആർടിസി സിഎംഡി ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കുലർ പുറത്തിറക്കി. പണിമുടക്കിനെ കർശനമായി നേരിടമണെന്നുമാണ് മാനേജ്‌മെൻറിന് സർക്കാർ നൽകിയിട്ടുള്ള നിർദേശം. പണിമുടക്ക് ദിവസം ഓഫിസർമാർ ജോലിയിലുണ്ടാകണം.
സിവിൽ സർജൻറെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫിസർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിൻറെ അടിസ്ഥാനത്തിൽ അല്ലാതെ അവധി അനുവദിക്കരുത്.
താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസുകൾ നടത്താനും ജോലിക്കു ഹാജരാകാത്ത താൽക്കാലിക ജീവനക്കാരെ മാറ്റിനിർത്തണമെന്നും ഇവർ ചീഫ് ഓഫീസിൻറെ അനുമതിയില്ലാതെ തികെ ജോലിക്ക് പ്രവേശിക്കരുതെന്നും നിർദേശമുണ്ട്.






