Timely news thodupuzha

logo

ഒയാസിസ് കമ്പനി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു അനുമതിയെന്ന് എക്‌സൈസ് മന്ത്രി പറഞ്ഞത് നുണ; വി.ഡി സതീശൻ

എറണാകുളം: ഒയാസിസ് കമ്പനിക്ക് പാലക്കാട് എലപ്പുള്ളിയിൽ മദ്യ നിർമ്മാണശല അനുവദിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ കുറിച്ച് എക്‌സൈസ് മന്ത്രി ഉയർത്തിയ നുണകളുടെ ചീട്ടുകൊട്ടാരം തകർന്നു വീഴുന്നതാണ് ഇപ്പോൾ കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

മദ്യ നയത്തിൽ മാറ്റമുണ്ടായപ്പോൾ ഒയാസിസ് കമ്പനി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മദ്യ നിർമ്മാണ ശാലയ്ക്ക് അനുമതി നൽകിയതെന്നാണ് മന്ത്രി പറഞ്ഞത്. മദ്യനയം മാറി മദ്യനിർമ്മാണ ശാല തുടങ്ങുന്ന വിവരം മധ്യപ്രദേശിലും പഞ്ചാബിലും പ്രവർത്തിക്കുന്ന ഒയാസിസ് അല്ലാതെ പാലക്കാടത്തെയും കേരളത്തിലെയും ഉൾപ്പെടെ ഒരു ഡിസ്റ്റിലറികളും അറിയാതിരുന്നത് എന്തുകൊണ്ടാണെന്ന് അന്ന് ഞങ്ങൾ ചോദിച്ചപ്പോഴും അവർ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയതെന്നാണ് മന്ത്രി പറഞ്ഞത്.

എന്നാൽ ഈ പദ്ധതിക്ക് ആവശ്യമായ വെള്ളം ആവശ്യപ്പെട്ട് ഒയാസിസ് കമ്പനി 16/06/2023 ൽ കേരള ജല അതോറിട്ടിക്ക് നൽകിയ അപേക്ഷയിൽ പറയുന്നത് സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരമാണ് പ്ലാന്റ് സ്ഥാപിക്കുന്നതെന്നാണ്. 2025 ലാണ് പ്ലാന്റിന് അനുമതി നൽകിയത്. 2023 ലാണ് സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരമെന്ന് കമ്പനി പറഞ്ഞിരിക്കുന്നത്.

കേന്ദ്ര സർക്കാർ സ്ഥാപനമായ ഐ.ഒ.സിയുടെ അംഗീകരാരം കിട്ടിയതു കൊണ്ടാണ് ഈ കമ്പനിക്ക് അംഗീകാരം നൽകിയതെന്ന മന്ത്രിയുടെ മറ്റൊരു പച്ചക്കള്ളം കൂടി പൊളിഞ്ഞിരിക്കുകയാണ്. യഥാർത്ഥത്തിൽ ഐ.ഒ.സിയുടെ ടെൻഡറിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ഒയാസിസ് വാട്ടർ അതോറിട്ടിക്ക് അപേക്ഷ നൽകിയത്.

ഇതിൽ ഭൂമി ഞങ്ങൾക്ക് സ്വന്തമായി ഉണ്ടെന്നും വെള്ളമാണ് വേണ്ടതെന്നുമാണ് അപേക്ഷയിൽ പറയുന്നത്. എന്നിട്ടാണ് ഐ.ഒ.സിയുടെ അംഗീകാരം ഉള്ളതുകൊണ്ടാണ് ഒയാസിസിന് മദ്യനർമ്മാണ പ്ലാന്റിന് അനുമതി നൽകിയതെന്ന് മന്ത്രി പറഞ്ഞത്. ഐ.ഒ.സി അംഗീകരിക്കുന്നതിന് മുൻപ് തന്നെ സംസ്ഥാന സർക്കാർ ഒയാസിസിന് ഇൻവിറ്റേഷൻ നൽകി. അപ്പോൾ മന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. ഐ.ഒ.സിയുടെ ടെൻഡർ നടപടികൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ ഒയാസിസിനെ സംസ്ഥാന സർക്കാർ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു. മന്ത്രിയുടെ രണ്ട് കള്ളങ്ങളാണ് പൊളിഞ്ഞു വീണത്.

വാട്ടർ അതോറിട്ടിക്ക് നൽകിയ അപേക്ഷയിൽ പറയുന്നത് വെള്ളത്തിന് വേണ്ടി വാട്ടർ അതോറിട്ടിയെയാണ് ആശ്രയിക്കുന്നതെന്നാണ്. എത്ര അളവിലാണ് ജലം വേണ്ടതെന്നു പോലും പറയുന്നില്ല. 16/06/2023 ൽ ഒയാസിസ് അപേക്ഷ നൽകിയ അന്നുതന്നെ വെള്ളം നൽകാമെന്ന് വാട്ടർ അതോറിട്ടിയുടെ സൂപ്രണ്ടിങ് എൻജിനീയർ കമ്പനിയെ അറിയിച്ചു. എന്തൊരു സ്പീഡായിരുന്നു വാട്ടർ അതോറിട്ടിക്ക്!

കേരളത്തിലെ മദ്യനയം മാറ്റുന്നതിന് മുൻപ് തന്നെ ഈ കമ്പനിയുമായി സർക്കാർ ഡീൽ ഉറപ്പിച്ചെന്നു വ്യക്തമാക്കുന്നതാണ് ഈ രേഖകൾ. ഈ കമ്പനിക്ക് വേണ്ടിയാണ് മദ്യനയം മാറ്റിയത്. മദ്യ നയം മാറ്റുന്നതിന് മുൻപ് തന്നെ ഈ കമ്പനി എലപ്പുള്ളിയിൽ സ്ഥലം വാങ്ങുകയും ചെയ്തു. ഐ.ഒ.സിയുടെ അംഗീകാരം വാങ്ങിയതു പോലും വാട്ടർ അതോറിട്ടിയുടെ കൺസെന്റ് വാങ്ങിയ ശേഷാണ്. ഇതിനെയാണ് കമ്പനിക്ക് ഐ.ഒ.സിയുടെ അംഗീകരമുണ്ടെന്ന തരത്തിൽ മന്ത്രി വലിയ കാര്യമായി പറഞ്ഞത്. കേരള സർക്കാർ ക്ഷണിക്കുന്നതിന് മുൻപ് ഈ കമ്പനിക്ക് ഐ.ഒ.സിയുടെ അംഗീകാരം ലഭിച്ചിട്ടില്ല.

2023 -ൽ ഐ.ഒ.സി മുന്നോട്ട് വച്ച എക്‌സ്പ്രഷൻ ഓഫ് ഇന്ററസ്റ്റിൽ കേരളത്തിൽ നിന്നടക്കം എഥനോൾ ലഭ്യമാക്കണമെന്നാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ 2023ൽ കേരളത്തിൽ എഥനോൾ പ്ലാന്റിന് അംഗീകാരം ഇല്ലാതെയാണ് ഒയാസിസ് ടെൻഡറിൽ പങ്കെടുത്തത്. 2025 ലാണ് സർക്കാർ ഈ കമ്പനിക്ക് മദ്യനിർമ്മാണ ശാലയ്ക്ക് അനുമതി നൽകിയത്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഒയാസിസ് കമ്പനിക്ക് മദ്യ നിർമ്മാണശാല അനുവദിച്ചതിനു പിന്നിൽ ഗൂഡാലോചനയും അഴിമതിയും ആണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നത്. മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതെല്ലാം നുണയാണ്. വലിയൊരു ഡീലിന്റെ ഭാഗമായണ് മദ്യ നയം മാറ്റി മദ്യ നിർമ്മാണശാല തുടങ്ങാൻ ഈ കമ്പനിക്ക് അനുമതി നൽകിയത്.

മദ്യനയത്തിൽ പറഞ്ഞതും പറയാത്തതും ഉൾപ്പെടെയുള്ള എല്ലാ പ്ലാന്റുകളും തുടങ്ങാനാണ് ഒയാസിസിന് അനുമതി നൽകിയത്. എന്നിട്ടാണ് മന്ത്രി ഈ കമ്പനിയെ പുകഴ്ത്തിയത്. മന്ത്രിയുടെ പുകഴ്ത്തൽ കേട്ടപ്പോഴാണ് സംശയം തോന്നിയത്. ഡൽഹി മദ്യ നയ കോഴയുമായി ബന്ധപ്പെട്ട് ഈ കമ്പനിയുടെ ഉടമ അറസ്റ്റിലായിട്ടുണ്ട്. പഞ്ചാബിൽ ബോർവെല്ലിലൂടെ മാലിന്യം തള്ളി നാല് കിലോമീറ്റർ ദൂരത്തിൽ ഭൂഗർഭജലം മലിനപ്പെടുത്തിയതിനും ഈ കമ്പനി നിയമനടപടി നേരിടുന്നുണ്ട്.

മുഖ്യമന്ത്രിയുടെ അറിവോടെ എക്‌സൈസ് മന്ത്രിയുമായാണ് കമ്പനി ഡീൽ നടത്തിയത്. അതിന് ഇടനിലക്കാരുമുണ്ട്. കെ. കവിത കേരളത്തിൽ വന്ന് താമസിച്ചിട്ടുമുണ്ട്, എക്‌സൈസ് മന്ത്രിയുമായി നേരത്തെ തന്നെ ബന്ധവുമുണ്ട്. ഡൽഹി മദ്യ നയ കേസിൽ പ്രതിയായ അവരാണ് ഈ കമ്പനിയെ എക്‌സൈസ് മന്ത്രിക്ക് പരിചയപ്പെടുത്തി കൊടുത്തത്. എക്‌സൈസ് മന്ത്രിയും മുഖ്യമന്ത്രിയും അറിയാതെ വേറൊരു വകുപ്പും അറിഞ്ഞിട്ടില്ല. ഒരു വകുപ്പുമായും ചർച്ച ചെയ്തില്ലെന്ന പ്രതിപക്ഷ ആരോപണം അടിവരയിടാനാണ് മന്ത്രിസഭാ നോട്ട് ഹാജരാക്കിയത്. ഏതായാലും മന്ത്രിസഭ നോട്ട് വ്യാജമാണെന്ന് മന്ത്രി പറഞ്ഞല്ല. ഔദ്യോഗിക രേഖകളാണ് പ്രതിപക്ഷം ഹാജരാക്കിയത്. രേഖകൾ എങ്ങനെ കിട്ടിയെന്നു വേണമെങ്കിൽ അന്വേഷിച്ചു പോകട്ടെ. എല്ലാം നടന്നത് 2023 ലാണ്. പക്ഷെ കമ്പനിക്ക് അനുമതി നൽകിയത് 2025ലുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *