പാലക്കാട്: എസ്.എഫ്.ഐ ഇങ്ങനെ തന്നെ മുന്നോട്ടു പോകണമെന്നാണ് മുഖ്യമന്ത്രിയുടെ ആഹ്വാനമെന്ന് രമേശ് ചെന്നിത്തല പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. പൂക്കോട് വെറ്റിനറി കോളജിൽ സിദ്ധാർഥനെന്ന വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിച്ചും പീഡിപ്പിച്ചും മരണത്തിലേക്കു തള്ളി വിട്ടു. കോട്ടയം നഴ്‌സിങ്ങ് കോളജിൽ വിദ്യാർഥികളെ അതിക്രൂരമായ റാഗിങ്ങിന് വിധേയരാക്കി. കേരളത്തിലെ കാമ്പസുകളിൽ അങ്ങോളമിങ്ങോളം അതിക്രൂരവും മനുഷ്യത്വ രഹിതവുമായ ആക്രമണങ്ങൾ നടത്തുന്നു. പരീക്ഷയെഴുതാതെ തന്നെ നേതാക്കൾ പാസാകുന്നു.
ഇങ്ങനെയാണ് ഇപ്പോൾ എസ്.എഫ്.ഐ മുന്നോട്ടു പോകുന്നത്. ഇങ്ങനെ തന്നെ പോകണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതായത് മുഖ്യമന്ത്രിയുടെ ആശീർവാദത്തോടെ കേരളത്തിൽ റാഗിങ്ങ് ഇനിയും തുടരും. മരണങ്ങൾ ഇനിയും ഉണ്ടാകും. ക്യാമ്പസുകളിൽ ക്രൂരമായ ആക്രമണങ്ങൾ അരങ്ങേറും. പരീക്ഷയെഴുതാതെയും നേതാക്കൾ പാസാകും. പരീക്ഷ തോറ്റാലും അടുത്ത കോഴ്‌സിന് അഡ്മിഷൻ ലഭിക്കും.