Timely news thodupuzha

logo

കുന്നത്തുനാട്ടിൽ തെരുവുനായകളെ പാർപ്പിച്ച വീട്ടിലെ ഉടമയ്ക്ക് ലൈസൻസില്ലെന്ന് ജില്ലാ ഭരണകൂടം

എറണാകുളം: കുന്നത്തുനാട്ടിൽ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിച്ച വീട്ടിലെ ഉടമയ്ക്ക് നായ വളർത്തൽ കേന്ദ്രം തുടങ്ങാൻ ലൈസൻസില്ലെന്ന് ജില്ലാ ഭരണകൂടം. അതിനാൽ ഉടൻ തന്നെ നായകളെ ഒഴിപ്പിക്കും. ജില്ലാ മൃഗ സംരക്ഷണ ഓഫിസർ സ്ഥലം സന്ദർശിക്കും.

എന്നാൽ നായകളെ മാറ്റില്ലെന്ന വാശിയിലാണ് വീട് വാടകയ്ക്ക് എടുത്ത വീണ ജനാർദനൻ. നാട്ടുകാർ പുറത്ത് ബഹളം വയ്ക്കുമ്പോൾ മാത്രമാണ് നായകൾ കുരയ്ക്കുന്നതെന്നാണ് വീണ പറയുന്നത്.

എന്നാൽ കുന്നത്തുനാട്ടിൽ ജനവാസ മേഖലയിൽ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിച്ചിരുന്ന വീടിന് മുന്നിൽ നാട്ടുകാർ വെളളിയാഴ്ചയും പ്രതിഷേധവുമായി എത്തി. നായകളെ ഉടൻ മാറ്റണം എന്നും സംഭവത്തിൽ ജില്ലാ കളക്റ്റർ ഇടപെടണമെന്നുമാണ് അയൽവാസികളായ സ്ത്രീകൾ ഉൾപ്പെടെ ആവശ്യപ്പെടുന്നത്.

വെളളിയാഴ്ച നായകൾക്ക് എത്തിച്ച ഭക്ഷണം അകത്തുകയറ്റാൻ നാട്ടുകാർ സമ്മതിക്കാതെ ബഹളമുണ്ടാക്കുകയും ഭക്ഷണം തട്ടിമറിക്കുകയും ചെയ്തിരുന്നു. നായകൾ ആർക്കും ഒരു ശല്യവുമുണ്ടാക്കുന്നില്ലെന്നും, പുലിയെ വേണമെങ്കിലും വളർത്താൻ വീട്ടുടമ അനുവാദം തന്നിട്ടുണ്ടെന്നുമാണ് വാടകയ്ക്ക് താമസിക്കുന്ന വീണ പറഞ്ഞത്.

42ഓളം തെരുവുനായ്ക്കളെയാണ് കൂട്ടത്തോടെ വീട്ടിൽ പാർപ്പിച്ചിരിക്കുന്നത്. അസഹനീയമായ ദുർഗന്ധവും നായ്ക്കളുടെ കുരയും കാരണം ജീവിതം ദുഃസഹമായെന്നും, ഇതെത്തുടർന്നാണ് പ്രതിഷേധിച്ചതെന്നും നാട്ടുകാർ പറയുന്നു. രണ്ടു വളർത്തുനായ്ക്കളെ താമസിപ്പിക്കുമെന്ന് മാത്രം പറഞ്ഞാണ് എഗ്രിമെൻറ് എഴുതിയതെന്നും ഇവർ വാദിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *