തിരുവനന്തപുരം: മുക്കോലയിലെ ബാർ ഹോട്ടലിൽ റൂം ബുക്കിങ്ങിൻ്റെ പേരിൽ നിരവധി ആളുകളിൽ നിന്നു പണം തട്ടിയെടുത്തയാൾ അറസ്റ്റിൽ. തൃശൂർ തുറവൂർ ഐഡിക്കൽ ഹൗസിൽ നോയലാണ്(22) അറസ്റ്റിലായത്. വിഴിഞ്ഞം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഹോട്ടലിൽ റൂം ബുക്കിങ്ങിനായി ബന്ധപ്പെടുന്നവർക്ക് ഹോട്ടലിലെ നമ്പറെന്ന വ‍്യാജേന സ്വന്തം ഗൂഗിൾ പേ നമ്പറാണ് പ്രതി നൽകിയിരുന്നത്. ഹോട്ടൽ റിസപ്ഷനിസ്റ്റായിരുന്ന പ്രതി പലരിൽ നിന്നായി 50,000 രൂപ തട്ടിയെടുത്ത ശേഷം മുങ്ങുകയായിരുന്നു.
റൂം ബുക്ക് ചെയ്തവർ ഹോട്ടലിൽ എത്തിയപ്പോഴാണ് പറ്റിക്കപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് ഹോട്ടൽ ഉടമ പൊലീസിൽ പരാതി നൽകുകയും പൊലീസ് നടത്തിയ അന്വേഷണത്തിൽ തൃശൂരിൽ നിന്നു പ്രതിയെ പിടികൂടുകയുമായിരുന്നു. പലരിൽ നിന്നായി തട്ടിപ്പ് നടത്തി കിട്ടിയ പണം ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുകയായിരുന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരുകയാണെന്ന് പൊലീസ് പറഞ്ഞു.