തൃശൂർ: പാലിയേക്കരയിൽ ലോറിയിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി നാല് യുവാക്കൾ അറസ്റ്റിൽ. സിജോ, ആഷ്‌വിൻ, ഹാരിസ്, ജാബിർ എന്നിവരാണ് പടിയിലായത്. ഒഡീഷയിൽ നിന്ന് കഞ്ചാവുമായി തൃശൂരിലേക്ക് ലോറി വരുന്നുണ്ടെന്ന് ചാലക്കുടി ഡിവൈഎസ്പിക്കു ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ലോറിയുടെ നമ്പർ അടക്കമുളള വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. വെളളിയാഴ്ച പുലർച്ചെ നാലുമണിയോടെ പാലിയേക്കര ടോളിനു സമീപമെത്തിയ ലോറി പൊലീസ് തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലോറിയിൽ ചാക്കുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. പ്രതികൾ മുൻപും കഞ്ചാവ് കടത്തുമായി ബന്ധമുള്ളവരാണെന്നും പൊലീസ് പറഞ്ഞു.
ഇപ്പോൾ, ഇത്രയും വലിയ അളവിൽ കഞ്ചാവെത്തിക്കുന്നതിനു പണം മുടക്കിയത് ആരാണെന്നും സാമ്പത്തിക ഉറവിടം എതാണെന്നുമുളള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിയിൽ വിറ്റഴിക്കാനാണ് കഞ്ചാവെത്തിച്ചതെന്നാണ് പ്രാഥമിക വിവരം. തമിഴ്നാട്ടിൽ പച്ചക്കറിയെടുക്കാൻ പോകുന്നുവെന്നായിരുന്നു ഉടമയോട് പറഞ്ഞിരുന്നതെന്നും പൊലീസിന് ലഭിച്ച വിവരം. ഇതിൻറെ സത്യാവസ്ഥ പൊലീസ് പരിശോധിക്കുകയാണ്.