Timely news thodupuzha

logo

പടക്ക നിർമാണ ഫാക്ടറിയിൽ ഉണ്ടായ വൻ സ്‌ഫോടനത്തെ തുടർന്ന് പഞ്ചാബിൽ അഞ്ച് പേർ മരിച്ചു

ചണ്ഡീഗഢ്: പഞ്ചാബിൽ പടക്കനിർമാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ 5 മരണം. 30-ലധികം ആളുകൾക്ക് പരുക്കേറ്റു. നിരവധിപേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. പഞ്ചാബ് മുക്ത്‌സർ ജില്ലയിലെ സിംഗേവാലയിൽ വ്യാഴാഴ്ച(30) പുലർച്ചെ 1:30 ഓടെയായിരുന്നു സ്ഫോടനം ഉണ്ടായത്.

എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഫാക്ടറിയിൽ തീപിടുത്തമുണ്ടാവുകയും പിന്നാലെ വൻ പൊട്ടിത്തെറിയും ഉണ്ടാവുകയായിരുന്നു. ഫാക്ടറി പ്രവർത്തിച്ചിരുന്ന രണ്ടുനില കെട്ടിടം സ്‌ഫോടനത്തിൽ പൂർണമായും തകർന്നു. സംഭവ സമയത്ത് ഫാക്ടറിയിൽ 40 ഓളം തൊഴിലാളികളുണ്ടായിരുന്നു.

34 ഓളം പേർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ബതിൻഡയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സ്‌ഫോടനത്തിനുള്ള കാരണം വ്യക്തമല്ലെന്ന് ലാംബി ഡിഎസ്പി ജസ്പാൽ സിങ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടു. ഫാക്ടറിയുടെ കരാറുകാരൻ ഉത്തർപ്രദേശ് സ്വദേശിയായ രാജ് കുമാർ സംഭവത്തിനു പിന്നാലെ ഒളിവിൽ പോയി. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിച്ചാണ് ഫാക്ടറിയുടെ പ്രവർത്തനമെങ്കിൽ ഉടമയ്ക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *