Timely news thodupuzha

logo

ഭർത്താവിൻ്റെ കാലശേഷം ഭാര്യയെ ഭർതൃവീട്ടിൽ നിന്നും ഇറക്കിവിടാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഭർത്താവിൻ്റെ കാലശേഷം ഭാര്യയെ ഭർതൃവീട്ടിൽ നിന്നും ഇറക്കിവിടാനാവില്ലെന്ന് ഹൈക്കോടതി. ഉടമസ്ഥാവകാശം ഇല്ലെങ്കിലും ഭർത്താവിനൊപ്പം താമസിച്ച അതേ വീട്ടിൽ കുട്ടികളുമൊത്ത് താമസിക്കാൻ ഭാര്യക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പാലക്കാട് സ്വദേശിയായ യുവതി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി. 2009ലാണ് ഹർജിക്കാരിയായ യുവതിയുടെ ഭർത്താവ് മരിക്കുന്നത്. അതിന് ശേഷം യുവതിയും കുട്ടികളും ഭർതൃവീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്.

എന്നാൽ യുവതിയോട് സ്വന്തം വീട്ടിൽ നിന്ന് ഭാഗം കിട്ടിയ സ്വത്തുപയോഗിച്ച് ജീവിക്കാനും ഈ വീട്ടിൽ നിന്ന് മാറാനും ഭർത്താവിൻറെ ബന്ധുക്കൾ നിർബന്ധിച്ചു.

ഭർത്താവിൻറെ സഹോദരങ്ങളും ഭാര്യമാരും ഭർതൃമാതാവും ദ്രോഹിക്കുന്നെന്നും വീട്ടിൽനിന്ന് ഇറക്കി വിട്ടെന്നും കാണിച്ച് യുവതി പാലക്കാട് സെഷൻസ് കോടതിയെ സമീപിക്കുകയും കോടതി യുവതിക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇവരുടെ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു.

പിന്നാലെ ഭർത്താവിൻറെ വീട്ടിൽ താമസിക്കാൻ യുവതിയെ അനുവദിച്ചു കൊണ്ട് സെഷൻസ് കോടതിയുടെ വിധി ഹൈക്കോടതി ജസ്റ്റിസ് എം.ബി.സ്‌നേഹലത ശരിവച്ചു. വീടിൻറെ ഉടമസ്ഥത ആരുടെ പേരിലെന്നത് കണക്കിലെടുക്കാതെ തന്നെ ഭർതൃവീട്ടിൽ താമസിക്കാൻ ഗാർഹിക പീഡന നിരോധന നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് കോടതി പറഞ്ഞു.

പാർപ്പിടത്തിൻറെയും സുരക്ഷയുടെയും പ്രാധാന്യം സ്ത്രീകളുടെ അന്തസിൻറെ അടിസ്ഥാനപരമായ കാര്യമാണെന്നും ഈ നിയമം നിലനിൽക്കുമ്പോൾ സ്ത്രീയെ ബലമായി ഇറക്കി വിടാനോ ദ്രോഹിക്കാനോ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *