Timely news thodupuzha

logo

ഹരിയാനയിലെ മോഡലിന്റെ കൊലപാതകം; പ്രതിയായ ആൺസുഹൃത്ത് അറസ്റ്റിൽ

സോണിപത്: ഹരിയാനയിൽ മോഡലിനെ കഴുത്തറുത്ത് കാനയിൽ തള്ളിയ കേസിൽ വിവാഹിതനായ ആൺ സുഹൃത്ത് അറസ്റ്റിൽ. ശീതൾ ചൗധരി എന്ന മോഡലിനെ കൊന്ന കേസിലാണ് സുനിൽ എന്ന‍യാൾ അറസ്റ്റിലായിരിക്കുന്നത്.

ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. സുനിൽ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ശീതളുമായി ആറു വർഷമായി ഇയാൾ അടുപ്പത്തിലായിരുന്നു. കർണാലിൽ സുനിലിൻറെ ഹോട്ടലിൽ ശീതൾ കുറച്ചു കാലം ജോലി ചെയ്തിരുന്നു. ഒരിക്കൽ ശീതളിനോട് സുനിൽ വിവാഹാഭ്യർഥന നടത്തിയിരുന്നു.

എന്നാൽ വിവാഹിതനായിരുന്നതിനാൽ ശീതൾ ഈ ആവശ്യം നിരസിക്കുകയായിരുന്നു. ശനിയാഴ്ച ഒരു ആൽബം ഷൂട്ടിങ്ങിനു വേണ്ടി ശീതൾ പാനിപ്പത്തിലെത്തിയിരുന്നു. വൈകിട്ട് 10 മണിയോടെ സുനിലും സ്ഥലത്തെത്തി. ഇരുവരും കാറിൽ ഇരുന്ന് ‌മദ്യപിച്ചു. പിന്നീടാണ് വഴക്കുണ്ടായത്. ഞായറാഴ്ച പുലർച്ചയോടെ ശീതൾ സഹോദരിയായ നേഹയെ വിളിച്ച് സുനിൽ തന്നെ മർദിക്കുന്നുവെന്ന് പറഞ്ഞിരുന്നു.

അതിനു ശേഷം നേഹയ്ക്ക് ശീതളുമായി ബന്ധപ്പെടാൻ സാധിച്ചില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. കാറിൽ വച്ചു തന്നെ ശീതളിനെ പല തവണ മർദിച്ചതായും കുത്തിയതായും സുനിൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പിന്നീട് കഴുത്തറുത്ത ശേഷം മൃതദേഹവും കാറും കനാലിൽ തള്ളി. ശീതളിൻറെ മൃതദേഹം കണ്ടെത്തിയ കനാലിനരികിലായി സുനിലിൻറെ കാർ കണ്ടതായി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.

പിന്നീട് പാനിപ്പത്തിലെ ആശുപത്രിയിൽ സുനിൽ ചികിത്സ തേടി.കാർ കനാലിലേക്ക് വീണുമെന്നും താൻ നീന്തി രക്ഷപ്പെട്ടുവെന്നും ഒപ്പമുണ്ടായിരുന്ന ശീതൾ മുങ്ങിമരിച്ചുവെന്നുമാണ് ഇയാൾ ആശുപത്രിയിൽ പറഞ്ഞിരുന്നത്.

തിങ്കളാഴ്ചയോടെയാണ് ശീതളിൻറെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. പാനിപ്പത്തിൽ നിന്ന് 80 കിലോമീറ്ററോളം അകലെ ഖാർഖോഡയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഹര്യാൻവി മ്യൂസിക് ഇൻഡസ്ട്രിക്കു വേണ്ടി മോഡലായി ജോലി ചെയ്യുന്ന ശീതൾ വിവാഹിതയാണ്. അഞ്ച് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *