തൊടുപുഴ: ഇടുക്കി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും വിദ്യാഭ്യാസ വകുപ്പും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി ഇടുക്കി ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും 2012ലെ പോക്‌സോ നിയമത്തിന്റെ പുസത്കരൂപം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. ചൈല്‍ഡ് സേഫ് ഇടുക്കി 2025 എന്നപേരില്‍ സംഘടിപ്പിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം എന്ന നിലയില്‍ അദ്ധ്യാപകര്‍ക്ക് പോക്‌സോ നിയമത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ സ്‌കൂളുകളിലും ബെയര്‍ ആക്ട് വിതരണം ചെയ്യും. പദ്ധതിയുടെ രണ്ടാം ഘട്ടമായി എല്ലാ സ്‌കൂളുകളിലും പോക്‌സോ നിയമത്തെ സംബന്ധിച്ച ബോധവത്കരണ ക്‌ളാസ്സുകള്‍നടത്തും . ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തിലായിരിക്കും ക്ലാസുകള്‍ നടത്തുകയെന്നും അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ചൈല്‍ഡ് സേഫ് ഇടുക്കി 2025 പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വ്യാഴ്ച ജില്ലാകളക്ടര്‍ വി വിഗ്നേശ്വരി ഐ എ എസിന്റെയും ജില്ലാപോലീസ് മേധാവി ടി കെ വിഷ്ണു പ്രതീപ് ഐ പി എസിന്റെയും സാന്നിധ്യത്തില്‍ ഇടുക്കി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍മാനും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജുമായ പി. എസ് ശശികുമാര്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഇടുക്കി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി സിജി എന്‍ എന്‍, പോക്‌സോ ആക്ട് സ്‌പെഷ്യല്‍ കോടതി ജില്ലാ ജഡ്ജ് ആഷ് കെ ബാല്‍, ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ജയശീലന്‍ പോള്‍, തൊടുപുഴ സി ജെ എം സിന്ധു തങ്കം, ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വക്കേറ്റ് സനീഷ് എസ് എസ്, ജില്ലാ വനിതാ ശിശുക്ഷേമ വികസന ഓഫീസര്‍ മഞ്ചു പി ജി, പോക്‌സോ കോടതി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് പി വി വാഹിദ തുടങ്ങിയവര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ തൊടുപുഴ കുടുംബക്കോടതി ജഡ്ജ് ജോഷി ജോണ്‍, ഇടുക്കി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി സിജി എന്‍ എന്‍, തൊടുപുഴ ഡി ഈ ഓ ഷീബാ മുഹമ്മദ്, പി കെ ജയകൃഷ്ണന്‍, അനില്‍ ജെ തുടങ്ങിയവര്‍ പങ്കെടുത്തു.