തിരുവനന്തപുരം: ആരുടെ പോളിസിയായാലും അതിലെല്ലാം പ്രിയപ്പെട്ട ഒരാളുടെ സ്നേഹം പുരണ്ടിട്ടുണ്ട് എന്ന് ഉദ്യോഗസ്ഥരും ലക്ഷക്കണക്കായ ഏജന്റുമാരും തിരിച്ചറിയുന്നതുകൊണ്ടാണ് എൽ.ഐ.സി രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളിൽ ഏറ്റവും മികച്ചവയിലൊന്നായി തുടരുന്നതെന്ന് അനുഭവം എന്നെ പഠിപ്പിക്കുന്നുവെന്ന് മഞ്ജുവാര്യർ. മനസ്സുകളെ മൺകുടുക്കയിലെന്നോണം സൂക്ഷിക്കുന്നു ആ കരുതൽ.
പത്രപ്രവർത്തകനായ ഒരു സുഹൃത്ത് ഒരു സന്ധ്യയിൽ വിളിച്ചു: ‘അച്ഛൻ ഒരു സമ്മാനം ഒരിടത്ത് വച്ചിട്ടുണ്ട്. അത് വാങ്ങണം. സൂക്ഷിക്കാനേല്പിച്ചവർ പറഞ്ഞതാണ്.’
എനിക്ക് ആദ്യമൊന്നും എന്താണെന്ന് മനസ്സിലായില്ല. വിശദീകരിച്ചപ്പോൾ അച്ഛൻ അരികിലെവിടെയോ നിന്ന് ചിരിക്കുന്നതുപോലെ തോന്നി. വർഷങ്ങൾക്ക് മുമ്പ് വടകരയിലെ എൽ.ഐ.സി.ഏജന്റായ സുഹൃത്തിൽ നിന്ന് അച്ഛൻ എന്റെ പേരിൽ ഒരു പോളിസി എടുത്തിരുന്നു. അത് മെച്വർ ആയിട്ടുണ്ട്. താരതമ്യേന വലിയൊരു സംഖ്യയാണ്. അച്ഛനും,ആ സുഹൃത്തും ജീവിച്ചിരിപ്പില്ലാത്തതിനാൽ എന്നെ എങ്ങനെ ബന്ധപ്പെടുമെന്ന് ആലോചിച്ച് കുറേക്കാലമായി കുഴങ്ങുകയായിരുന്നു എൽ.ഐ.സി ഓഫീസിലുള്ളവർ. അച്ഛൻ നല്കിയിരുന്നത് പോളിസി ചേരുമ്പോഴുണ്ടായിരുന്ന കാലത്തെ ഒരു ലാൻഡ്ഫോൺ നമ്പരാണ്. വീട്ടിലെ മുതിർന്നവർക്കൊപ്പം ഒരുകാലം മരിച്ചുപോയത് ലാൻഡ് ഫോണുകൾ കൂടിയാണല്ലോ…
അങ്ങനെയാണ് എൽ.ഐ.സി.ഓഫീസിൽ നിന്ന് കോഴിക്കോട്ടെ പത്രമോഫീസിലേക്ക് സഹായന്വേഷണം ചെന്നത്. അത് പിറ്റേദിവസം സന്ധ്യയിലെ ഫോൺകോളായി എന്നിലേക്കെത്തുകയായിരുന്നു.
ഫോൺകട്ട് ചെയ്തശേഷം കുറച്ചുനേരത്തേക്ക് എനിക്ക് മറ്റൊന്നും ചിന്തിക്കാനായില്ല. അച്ഛൻ എന്നോ ഞാനറിയാതെ എനിക്കായി കരുതിവച്ച നാണയത്തുട്ടുകൾ. അതിന്നൊരു വലിയ സംഖ്യയായി എന്നെത്തേടിവന്നിരിക്കുന്നു. അതിനായി ഓരോ തവണയും സ്വരുക്കൂട്ടിയ തുകയ്ക്ക് ഒരുപക്ഷേ അച്ഛൻ ഇടാൻകൊതിച്ച ഒരു ഉടുപ്പിന്റെയോ രുചിക്കാനാഗ്രഹിച്ച ഏതോ വിഭവത്തിന്റെയോ കാണാനാഗ്രഹിച്ച സിനിമയുടെയോ വിലയുണ്ടായിരുന്നിരിക്കണം. വിയർപ്പുമണികൾ കൊണ്ട് ചിലങ്കയുണ്ടാക്കിയതുപോലൊരു അച്ഛൻഅദ്ഭുതം. മകളുടെ നാളേക്ക് ഇന്നലെ ഒരച്ഛൻ കണ്ട സ്വപ്നം. അച്ഛൻ പിന്നെയും എന്നെ കരയിക്കുന്നു.
മറ്റൊന്നുകൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് ചുരുക്കട്ടെ. അത് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരുടെ അർപ്പണബോധത്തെക്കുറിച്ചാണ്. എന്റെ പേരിലുള്ള പോളിസി മെച്വർ ആയ വിവരം അറിയിക്കാൻ അവർ നടത്തിയ പരിശ്രമങ്ങളെ അഭിനന്ദിക്കാതെ വയ്യ. അത്രത്തോളം പ്രയാസപ്പെട്ടു എൽ.ഐ.സിയിലുള്ളവർ. വടകരയിലെ ഉദ്യോഗസ്ഥർക്ക് വേണമെങ്കിൽ എന്റെ പോളിസിയെ കമ്പ്യൂട്ടറിലെ ചെറിയ ചതുരക്കട്ട കൊണ്ട് കൊന്നുകളയാമായിരുന്നു.
ആളെ കണ്ടെത്താനാകുന്നില്ലെന്ന വിവരം നല്കി എന്നേക്കുമായി അന്വേഷണം അവസാനിപ്പിക്കാനാകുമായിരുന്നു. ഒരുസിനിമാതാരത്തിന് ഈ പണമൊന്നും ആവശ്യം വരില്ലായിരിക്കും എന്നുകരുതി നിസ്സാരമായി എഴുതിത്തള്ളുകയും ചെയ്യാമായിരുന്നു. പക്ഷേ അവരുടെ സത്യസന്ധത അതിന് തയ്യാറായില്ല. അതുകൊണ്ട് അച്ഛന്റെ ആ സമ്മാനം,അല്ല..സ്നേഹം എനിക്ക് നഷ്ടപ്പെട്ടില്ല. എന്നെപ്പോലൊരാളായതുകൊണ്ടാകാം എന്നുപറഞ്ഞ് ആ ശ്രമങ്ങളെ ദയവായി നിസ്സാരവത്കരിക്കരുത്.
ആരുടെ പോളിസിയായാലും അതിലെല്ലാം പ്രിയപ്പെട്ട ഒരാളുടെ സ്നേഹം പുരണ്ടിട്ടുണ്ട് എന്ന് ഉദ്യോഗസ്ഥരും ലക്ഷക്കണക്കായ ഏജന്റുമാരും തിരിച്ചറിയുന്നതുകൊണ്ടാണ് എൽ.ഐ.സി രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളിൽ ഏറ്റവും മികച്ചവയിലൊന്നായി തുടരുന്നതെന്ന് അനുഭവം എന്നെ പഠിപ്പിക്കുന്നു. മനസ്സുകളെ മൺകുടുക്കയിലെന്നോണം സൂക്ഷിക്കുന്നു ആ കരുതൽ.





